സുന്ദര വക്ത്രം!
വൃത്തം - കല്യാണി
ശ്യാമളം കോമളം സുന്ദരവക്ത്രം,
ശോഭനം മോഹിതഭംഗിയാം ഗാത്രം.
ആർദ്രതാഭാവം നിറഞ്ഞിടും നേത്രം,
മഞ്ഞളിൻ ചായസമാനമാം വസ്ത്രം.
മാർദ്ദവം വേണുവും പിടിക്കും ഹസ്തം,
ഹൃദ്യം ചലിച്ചിടും പേലവപാദം.
മോഹിതം രൂപം മനോഹരം നാട്യം,
ആഹാ!മുകുന്ദനിൽ കാഴ്ചയ്ക്കു പുണ്യം.
മിത്രവ്രജങ്ങൾ മുകുന്ദന്നു ചുറ്റും,
നിത്യം മുരാരിയവർക്കു സഹായം .
കണ്ണൻ പിറന്നതാം നിർമ്മല ഗ്രാമം,
കണ്ണിന്നു നല്ലതാം ഉത്സവം ദൃശ്യം.
കൊഞ്ചിയനേകംകുറുമ്പുകൾ കാട്ടും,
വേലകളുള്ളില്ലധികം വിനോദം.
കൃഷ്ണാ! തൊഴുന്നു ഞാൻ നിൻസവിധത്തിൽ,
കൺകൊണ്ടു നോക്കൂ അനുഗ്രഹപൂർവ്വം.
Comments
Post a Comment