പണത്തിനു മുന്നിൽ...!
(അന്നനട)
അവനെ മാത്രമായ് വസതിയിൽ കൂട്ടായ്
അവിശ്വാസംവിനാ വസിപ്പിച്ചു മാതാ.
അവനാരുമില്ലാ അനാഥൻ പോൽ കേണു.
അലിഞ്ഞമ്മമനം സമാശ്വസിപ്പിച്ചു.
വദനേ വിരിഞ്ഞൂ ചിരിതൻ പുഷ്പങ്ങൾ,
ഉദയം വിടർന്നാൽ കരം ചലിച്ചിടും,
അവന്റെ കൃതങ്ങൾ അതിഹൃദ്യമായി
അതിനാൽ സ്വാതന്ത്ര്യം അമിതം ലഭ്യമായ്.
അരരാവുവന്നു നമിച്ചുനിന്നപ്പോൾ,
അഖിലിന്റെ കായം പതിയെയായ് പൊങ്ങി.
പുണർന്നു മുറുക്കി ധൃതരാഷ്ട്ര സമം
പരിപാവനയാം വയസ്സിമാതയേ.
അവസാനശ്വാസം വിടചൊല്ലുംവരേ
അവൻ കാത്തുനിന്നു അവർക്കേകീ അന്ത്യം.
പോലീസിനൊപ്പമായ് അവനും നടിച്ചു,
കൊലപാതകിയെ തിരയും വ്യാജേന.
മുഖംമൂടിമാത്രം, ധരിച്ച യുവാവ്,
മുഖം കാണാതാക്കി അറിഞ്ഞതില്ലമ്മ.
മുഴുപ്പോടെമർത്ത്യൻ ധരിക്കും ആനനേ
മുഴുത്ത ഭാവങ്ങൾ മറയ്ക്കും കള്ളങ്ങൾ.
മനസ്സിൻ ദർപ്പണം മുഖമെന്ന ചൊല്ല്,
കനവിലായ് പ്പോലും അവനിൽക്കണ്ടില്ലാ.
അഖിലലോകരാം കപടത്തിൻ ജന്മി
മുഖപടം ചൂടി പൊതിയും ക്രൂരത.
തുണ തേടുന്നത് ഇരുചിന്തയ്ക്കോപ്പം,
അണുവിടപോലും കുറയ്ക്കല്ലേ ശ്രദ്ധ.
പരിചയമില്ലാവഴിയേയെത്തുവോർ
പണിതന്നീടിലോ അറിയാൻ വൈകീടും.
പണത്തിൻ മുന്നിലായ് പിണം വാതുറക്കും,
പണികിട്ടുമെല്ലാമറിയുംമുന്നേയായ്.
പരക്കെ ലോകത്തിൽ മഹാരാജാക്കളായ്
പരിലസിക്കുന്നൂ കൊല,മോഷണങ്ങൾ.
Comments
Post a Comment