ആറടിമണ്ണ്!(കേക)

ആറടിമണ്ണ്! 



ഈശ്വരവാസം ചിത്തിൽ   

       മന്മനം ശുദ്ധമാക്കാൻ,

ഈയൊരുജീവിതത്തിൻ 

        ചാലുകൾ കാട്ടിത്തരാൻ.


ഈമഹാഗോളത്തിന്റേം

       ചുക്കാൻപിടിപ്പൂദേവൻ

ഈയുഗം നിർമ്മിക്കുന്ന 

       മാലിന്യം സംസ്ക്കരിക്കാൻ.


ഭഗവാൻ നയിക്കുന്നൂ, 

 എന്നുഞാൻ നിനക്കുന്നു,

അവന്റെ വിരൽത്തുമ്പാൽ 

      ചലിപ്പൂ യന്ത്രംപോൽ ഞാൻ. 


പ്രത്യുഷപ്രദോഷങ്ങൾ 

        വാസരരാവുകളും,

പ്രത്യേകഭാവമെന്നാൽ 

        സർവ്വവുമേകംതന്നെ.


ജീവിതനാടകത്തിൽ 

       പലതാം വേഷങ്ങളാൽ

ഭാവപകർച്ചചെയ്ത-

     ങ്ങാടുന്നു നാമെല്ലാരും.


വേദങ്ങൾ മാറിവരും 

        വേലകളൊക്കെമാറും

വാദങ്ങൾ വിവാദങ്ങൾ 

        നാടുവാണീടും വേള.


വിദ്രോഹചിത്രവധം  

     ചെയ്യുവോൻ  പ്രമാണിയായ്,

വിദ്വേഷമശേഷവു-

      മേശാത്തോൻ  പിണിയാളും. 


ഉള്ളിലുള്ളഹങ്കാരം 

        മാടാക്കും മാനവനെ

ഭള്ളിനു സമമർത്ഥം  

        മാനുഷനെന്നപദം.


ഉയർന്ന ഹർമ്മ്യത്തിലും  

       താഴ്ന്നതാം ചാപ്പയിലും 

ഉയിരിന്നുയർച്ചയോ 

         താഴ്ചയോയില്ലതന്നെ.


സ്മൃതി ഓർമ്മക്കുറവും 

        മധുരം തിക്തതയും 

മൃതമായ്മാറും വരെ 

        മാത്രമേ നമ്മിൽ വാഴൂ.


അഹമെന്നഭാവവും 

      ജാതിമതഗർവ്വുകൾ,

ദ്രോഹിക്കാനായുധങ്ങൾ,  

        ഉദ്യോഗസ്ഥാനോം കൂടും.


എത്രമേൽ ഉയർന്നാലു-

      മെത്രസമ്പാദിച്ചാലു-

മെത്ര ഹെക്റ്ററുണ്ടേലു-

       മന്ത്യമാറടിമണ്ണിൽ.

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!