ശുദ്ധചിത്തം!
വെണ്ണകട്ടുണ്ണുന്നകണ്ണാ നീയെൻ
കണ്ണിണയ്ക്കാനന്ദമേകീ നില്പൂ.
ആനനം താപത്തിൽ വെന്തിടുമ്പോൾ
ആത്മദുഃഖത്തേ ശമിപ്പിച്ചീടൂ.
നന്മ കാട്ടുന്ന ദേവൻ കൃഷ്ണൻ,
മന്നനാം ഭൂലോകനാഥൻ.
ഇന്ദിരാവല്ലഭനാകും നീയേ,
മന്മനേ നിത്യം വസിപ്പൂ, നൂനം,
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കായ്,
ഉത്തരം നീതന്നെ തമ്പുരാനേ!
ഉള്ളിലായ്മിന്നുന്ന ദീപം നീയേ,
ഉത്തമം കാട്ടും സുമാർഗ്ഗം നീയും.
ഉടുവസ്ത്രം മർത്യനന്യംതന്നേ
ഉണ്ണുവാനന്നം തരിക്കുമില്ലാ
ഉദ്യമം പാഴാക്കി മാറ്റും മർത്യൻ,
ഉഗ്രമായാലസ്യപാത്രം തന്നേ.
ഉങ്കിലായ്മേവുന്നു നീ യാഢ്യൻപോൽ,
ഭള്ളു നിൻ ചേതസ്സിൽ വാസം ചെയ്യൂ.
ചിത്തമെന്നും ശുദ്ധമാക്കിക്കൂടേ?
സ്വത്തുതുല്യംവന്നുചേരും തോഷം.
കുത്തുവാക്കാം ഭൽസനങ്ങൾ ദൂരേ,
കാത്തുനില്ക്കും ഭാഗ്യമൊക്കേയെത്തും.
ശാന്തിതൻമന്ത്രം നിറയ്ക്കൂ ചുണ്ടിൽ,
ശാന്തമായ് കണ്ണൻ നയിക്കും നിന്നേ.
ഉങ്ക്- അഹങ്കാരം
Comments
Post a Comment