ഹതോസ്മ്യഹം!


രാത്രിപാടീയന്നു സുന്ദര ഗീതങ്ങൾ,

ധർമാത്മവീരനാം കോസലരാജനായ്.

ഹസ്തേ ധരിച്ചിതു വസ്ത്രവും ചാപവും

വിസ്തൃതകാനനം പൂകി നായാട്ടിനായ്.


ഘോരവനത്തിൽ  മഹീരുഹം* പാടുന്നു 

കർണ്ണം തൊടാത്തൊരു രാഗം മനോഹരം.

മൗനം വിളഞ്ഞ വാചാലതയും ചുറ്റും 

വാനും നിശബ്ദമായാലപിച്ചൂ ഗാനം.


വായുവും ഗീതിക മെല്ലെപ്പൊഴിക്കുന്നു 

ഭൂവിൽ വനം സ്വനഹീനം ഭയാനകം.

"വാരണം തൂണുപോൽ നീണ്ട തുമ്പിക്കൈയിൽ 

കോരിയാറ്റിൻ ജലം,” ഭൂപതിയ്ക്കോ തോന്നി.


വേട്ടയ്ക്കുകാത്തൊരു കേസരി അമ്പെയ്തു,

കഷ്ടം! " ഹതോസ്മ്യഹം!* ഹാ!"ഉയർന്നൂ രവം.

കുംഭിയല്ലാ കൊച്ചു താപസൻ ബാലകൻ  

കുംഭം നിറച്ചുതൻ മാതാപിതാക്കൾക്ക്.


പൊന്നായ പുത്രൻ കുമാരനാം ശ്രാവണൻ,

അന്ധരാം മാതാപിതാക്കളേ പാലിച്ചു.

നന്നായി മാതാപിതാക്കൾ തൻ കാര്യങ്ങൾ

എന്നും പാലിച്ചു നല്ലാദരപൂർവ്വമായ്.


കേട്ടൂ നൃപൻ ബാലനോതിയ വാർത്തകൾ,

കേസരി വൃദ്ധർക്കു  വാരികൊണ്ടെത്തിച്ചു.

താതനോ ഭേദിച്ചു ശബ്ദത്തിൻ ശൂന്യത

പാതിമെയ്യോ വ്യഥ വാക്കിലായൊഴുക്കി.


സങ്കടം പൊറാഞ്ഞു വൃദ്ധനാം താതനും

ശങ്കാവിനാ ശാപസായകം തൊടുത്തു,

"പുത്രദുഃഖംപേറി ഞങ്ങൾ മൃതമാകും,

ആത്മജതാപം വരട്ടെ നിന്നന്ത്യത്തിൽ.”


ചിന്തിക്കാതേ ചെയ്ത ദശരഥകൃതി 

സന്താപകാര്യമായ്, മൃത്യുവിൻ ഹേതുവായ്.

രണ്ടുവട്ടം ചിന്ത ചെയ്ക,യനിവാര്യം,

ഇണ്ടലില്ലാദൗത്യം സൂക്ഷ്മമായ്  ചെയ്യുവാൻ.



മഹീരുഹം*= വൃക്ഷം 

ഹതോസ്മ്യഹം*= ഞാൻ കൊല്ലപ്പെട്ടു

Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!