കവനജനനം!
(കളകാഞ്ചി)
കവിയുടെ ഹൃദയമതിൽ ഗർഭംപൂണ്ടാശയം
കാവ്യചോരക്കുഞ്ഞു പിറന്നങ്ങുവീണു.
ഒരുചെറിയപിറവി കവിതതൻ വേഷത്തിലായ്
പാരിലെ വശ്യമാം ദൃശ്യങ്ങൾ കാരണം.
പരിചൊടണയുവതു പകലോന്റെകിരണങ്ങൾ,
പാറിപ്പറന്നുർവ്വി വലംവയ്പ്പു വായു.
പതിവിനെതിരുപണിയുകയില്ലാ പങ്കേരുഹം
പാതിയായുണർന്നവൾ കൈകൂപ്പി നിന്നു.
പതിയെ മിഴിതടവിയവൾ പരിതുഷ്ടി കാട്ടി,
പ്രദ്യോതനൻകാന്തൻ പ്രണയം നടിച്ചു.
പുലരിയിൽ മൃദുലനടനം ചെയ്തുപോന്നവൾ
പാരിലെ ഭൂഷണമായവൾ ശോഭിച്ചു.
കനിവൊടൊരു നിനവു മനമേ, മയൂരം
കാത്തുവച്ചു സർഗ്ഗസൃഷ്ടികർത്താക്കൾക്കായ് .
കരുതിയനലനലകിരണംപോലെ ഭാവവും
കാൽപ്പനികതന്തുവായ് ഹൃദ്യമായ് വരും.
കരൾ നിറയെ കവന വരികൾ വന്നു പാർത്തിടും,
ഒരുനലയുറവയുടെവിധത്തിലൂറി വരും.
കവിയുടെകഴിവുകളുണരുമ്പൊഴായ് മനസ്സിൽ,
കാവ്യത്തിൻ പാദങ്ങളോടീ നടന്നിടും.
കവനവരികൾ സരണിയിലെഴുത്തായ്ത്തീർന്നിടും
കാവ്യമായ് ഹൃദ്യമായൊഴുകിടും ഭൂവിൽ.
നിറമൊഴുകി നിര നിരകണക്കെയായ് പാദങ്ങൾ
സ്വർണ്ണസമാനമായ് മൂല്യവത്തായിടും.
അരികിലവൾ ബുധരെ വരവേൽക്കാൻവരുന്നിതാ,
താരമായ് മാറുന്നു അക്ഷരമിത്രങ്ങൾ.
വരികൾ ബുധരുടെ വരവിൽ പുളകം കൊണ്ടിടും
ചാരെയെത്തീ ബുധർ വാചനം ചെയ്തിടും.
ഒരുചെറിയ കവനജനനം സംഭവിക്കുമ്പോൾ
ഈരടികൾ കാവ്യലോകം പൂകീടുന്നൂ.
ത്വരിതമൊടൊരുതിരി കവനശ്രവണം ചെയ്വോർ
സൂര്യസമാനമുള്ളത്തിൽ തെളിക്കുമോ ?
Comments
Post a Comment