ശിക്ഷ!
(മണിമഞ്ജരി)
“മഴയെ!നീ കാട്ടുവതെ,ന്തെന്നറിയുന്നോ?
മിഴികൾ നിറച്ചീടും ക്രൂരകർമ്മം.
ദ്യുവിലായി നിന്നെ,ക്കാണാൻ നില്പൂ മാനുഷർ,
അവകാശമല്ലെ നിൻ സാമീപ്യങ്ങൾ?
കരുതലും സ്നേഹവും ഞങ്ങൾ ഹൃത്തിൽ വയ്പ്പൂ
തരുവാൻ നിനക്കായ്, ചൊരിഞ്ഞീടു,മ്പോൾ.
പരമായി നീ വന്നു മന്ദ,മാരിയായീ,
അരികിലെത്തീ ഞങ്ങൾക്കി,ഷ്ടമായീ.
മണിമുത്തു,പോലുള്ള നീയോ പ്രബലയായ്,
മരതക,പ്പച്ചയേ തൊട്ടുണർത്തീ.
ഇരുൾവീണ വേളയിൽ പരിചോടു,റങ്ങുമ്പോൾ,
നരരേ ബലമായീ പുല്കിയില്ലേ?
ഉരുവായി നിന്നൊരാ കുന്നി,ന്നുരു ഹൃദ്യം ,
ഉരുൾ,പൊട്ടലായ് വന്നെ,ടുത്തു ജീവൻ.
ഉരുൾപൊട്ടി ഉൾനീറീ വിടചൊല്ലി,യനേകർ,
അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും.
ഉടയവർ,ഉടയാട, സൗഹൃദം, സ്വാധീനം,
ഉടമ,സ്ഥരേ വിട്ടു പോയ് മറഞ്ഞൂ.
തനുവിന്റെ,യംഗങ്ങൾ വേർപെട്ടു പോയവർ,
മനവും പ്രതീക്ഷയും ബന്ധവും പോയ്.
തടിനിയും തടിച്ചൊരു വന്യമാം പുഴയായി
അടവിയേ,വിഴുങ്ങിയൊ? കാണ്മ,തില്ലാ.
വ്യഥതൻ കരിമേഘം പരന്ന,വിടെയെല്ലാം,
കദനശോകം മൂളിയന്തരീക്ഷം.”
മഴ ചൊല്ലി,” ഞാനെന്നാൽ പണ്ടേ,യിവിടുണ്ട്
കുഴയുന്ന കാര്യം ഞാൻ ചെയ്യു,കില്ലാ.
മനുജരേ! വേണ്ടതാം സാമഗ്രി നിങ്ങൾക്കായ്
മനമോടെ തന്നില്ലേ ഭൂമിദേവീ?
അവനിതൻ മക്കളാം തരു,ലതാ,ദികളേ
അതിമോഹമായ് നിങ്ങൾ കൊന്നതില്ലേ?
മനവും കടുത്തോരു വിങ്ങലി,ന്നിരയായി
തനുവും ക്ഷതത്താലേ നീറിക്കാണും.
വസുധയ്ക്കു നൊമ്പരം സഹിയാതെ വന്നപ്പോൾ
വശവും ചരിഞ്ഞേ കിടന്നതാവാം.X
മടിയി,ലിരുന്നോരാ കുന്നു തലകുത്തി
അടിയിൽ,പ്പെട്ടുപോയി ചെറുമക്കളും.
ക്ഷമയോ ക്ഷമയുടെ നെല്ലിപ്പടി,കണ്ടു
അമിതമാം ദ്രോഹം പൊറുത്തില്ല,വൾ.
പ്രകൃതിമാ നിങ്ങളെ സ്നേഹിച്ചീടും പക്ഷെ,
അകതാരിൽ നോവേറിയാൽ ശിക്ഷിക്കും.
ഉരു= ദേഹം, ബൃഹത്ത്
Comments
Post a Comment