മാന്ത്രികക്കൈ!
( നതോന്നത)
കുട്ടിക്കാലം തൊട്ടുതന്നേ കൊട്ടുകൾക്കു കൂട്ടുകാരൻ
കൊട്ടും പാട്ടും മേള വുമായ് വളർന്നുബാലൻ.
വാദ്യകലയ്ക്കാത്മാവായി വാദ്യത്തിൻറെ ഭൂഷയായി,
വാദനത്തിൻ താതനായി നിലയായ് മാന്യൻ.
സാക്കിർ ഹുസ്സയിൻ നാമവാൻ തബലാനരേന്ദ്രനായി,
സാരമായി താളഗാനവാദ്യകാരനായ്.
ഹൃത്തുകളിൽ വീടുവച്ചു കുടിയേറി പാർത്തുപോന്നു
പുത്തനായി തന്ത്രങ്ങളേ മനഞ്ഞൂ ശ്രേഷ്ഠൻ.
തന്ത്രങ്ങൾ കാച്ചിക്കുറുക്കി സത്തെടുത്തു ശ്രോതാക്കൾക്കു
സൂത്രരീതിയിൽ വിളമ്പി നൈപുണ്യപൂർവ്വം.
വേദികളേ മാറ്റിമാറ്റി ദേശങ്ങളെ കീഴടക്കി
വേദതുല്യമല്ലോ വിദ്യാ പ്രീതിയേറെയായ്.
സാക്കിറിന്റെ ആഗമനം വാദ്യ ഹൃത്തിൽ തോഷം കൊട്ടും
സൂക്ഷ്മമായ് തബലവാദ്യം ആജ്ഞകൾ കേൾപ്പൂ.
മാന്ത്രികക്കൈ നെയ്തുകൂട്ടി ഗാനജാലം മഞ്ജുളമായ്,
സ്വന്തം വാദ്യത്തിന്നുമുണ്ടാം പാടാൻ പാടവം.
സമ്മാനങ്ങൾ മത്സരിച്ചൂ ഉസ്താദിലായെത്തിച്ചേരാൻ
ഗ്രാമ്മി മൂന്നു പദ്മങ്ങളും കരംകൊടുത്തു.
കൂട്ടാളിയായ് കുറെയായി കൂടെനിന്നശ്വാസരോഗം
പെട്ടന്നു വന്നാക്രമിച്ചൂ പെട്ടുപോയയല്ലോ!
അന്യദേശമമേരിക്ക രോഗശുശ്രൂഷകൾ ചെയ്തൂ,
ധന്യമായൗഷധമേകി വൃഥാവിലായി.
ശ്രാദ്ധദേവൻ കനിഞ്ഞില്ലാ പരോൾ തെല്ലും നൽകിയില്ലാ,
ശ്രദ്ധാപൂർവ്വം ഹുസൈന്നെ കൊണ്ടങ്ങുപോയി.
സാക്കിൻറെ വിയോഗത്തിൻ കണക്കുനോക്കിയാൽ കിട്ടും
സഹ്യനേക്കാൾ മുഴുപ്പുള്ള നഷ്ടക്കണക്കും.
ശിഷ്യഗണം, യുവാക്കളുമേറെയേറേ വേദനിച്ചു
പുഷ്യരാഗമ്പോൽ വിളങ്ങും വാദനം നിന്നൂ.
സാധുവാം തബലക്കൂട്ടം നാഥനേയും കാത്തിരുന്നു,
സ്നേഹപൂർവ്വ മെത്തിനോക്കി ആര്യൻ വന്നില്ലാ.
മിന്നാമിന്നികൾ കണക്കേ ഹൃസ്വമായ ഭൂജീവിതം
ധന്യമാക്കൂ, ജഗത്തിലായ് നാമം ജീവിക്കും.
Comments
Post a Comment