ഉദീചിയാത്ര!

 

 


 

(മാവേലി)

 

സൂര്യനാംദേവന്നുദീചിയാത്രാ

ആര്യയാംഭൂമിക്കതേറെപ്രിയം.

ശുഷ്കാന്തിയോടെ നേത്രങ്ങൾ ചിമ്മി

സംക്രാന്തി മാകന്ദപ്പൂ വിരിയും.

 

ഉത്തുംഗയാനത്തിൽ പോകും മിത്രൻ,

ഉത്തരദിക്കിൽ കീഴേയിറങ്ങും.

ഉത്തമപാരിടം മോദഹൃത്താൽ

ഉത്ഥാനവീരനെ കൂപ്പിനിൽക്കും.

 

പണ്ടേ ഭൂവിൻ മക്കൾ ഭാനുവിൻതേർ

സന്തോഷപൂർവ്വമായ് സ്വീകരിക്കും.

ധന്യമാം മംഗളകാര്യത്തിനായ്,

പുണ്യമാണുത്തരാ,യനകാലം.

 

കുംഭം കടക്കുമ്പോൾ സസ്യമെല്ലാം,

കുമ്പിട്ടു ഭാസ്വാനു  മാനം  നൽകും.

വേണ്ടാത്തവൃഷ്ടിതൻ  കഷ്ടം വന്നാൽ

വേണ്ടത്രതാപം  നൽകീടും  സൂരൻ.

 

പത്തരമാറ്റിൽ തുടിയ്ക്കും ദിശ,

ഉത്തരദിക്കിൻ ഖഗങ്ങൾ പാടും.

മഞ്ജീരമാധുര്യസ്വനസൗഖ്യം,

മഞ്ജിമയോടെ കർണ്ണങ്ങൾ തേടും.  

 

മേടം നമിച്ചീടും  ഭാനുവിനേ,

ആശനിറയ്ക്കും  ദിശകൾ ഹൃത്തിൽ.

പോകാൻ പ്രഭാകരനാവുകില്ലാ,

കേകം തരംനോക്കി പ്രേമംകാട്ടും.  

 

ഹാ! ഞായർ കൊന്നതൻ മൗലിയിലായ്,

മഞ്ഞയിൽ മുക്കി ചൂടിക്കും  മലർ.

സ്മേരവും കാട്ടി വസന്തമെത്തും

സുന്ദരപ്പൂക്കൾ ചേറീടും  ചുറ്റും.

 

പാടകനാദമാധുര്യം പേറി

മേഷവിഷുക്കാലം  വന്നുചേരും.

ലോകർ വച്ചീടും   പൊന്നിൻ കണികൾ,

ലോകനാഥൻ  വരും വരം  നൽകാൻ .

 

ഉദീചി-ഉത്തരദിക്ക്

കേകം-കൊന്നമരം

പാടകം- ഒരു വാദ്യം

 

Comments