നാലുപുത്രിമാർ!
(വൃത്തം-മാവേലി)
ഭൂമിയിലാണ്ടിനായ് നാലുമക്കൾ,
ആമോദപൂർവ്വം വസിപ്പതുണ്ടേ.
ആസ്ഥയേറെക്കാട്ടി പാർത്തലത്തെ,
സ്വസ്ഥമായ് പോറ്റുന്നു വർഷമക്കൾ.
മൂത്തവൾ, വാസന്തി ശൃംഗാരിതാൻ,
ഉത്തമവേഷത്തിലായ് ലസിപ്പൂ.
നാനാവർണ്ണത്തിൽ കൊരുത്തമാല്യം
മാനമായ്പ്പെണ്ണു ശിരസ്സിൽ വയ്പ്പൂ
ഗൗരവം കാട്ടിടും രണ്ടാം പുത്രി
ഗ്രീഷ്മയെന്നവൾക്കു നല്ലനാമം.
താരിൻ ഫലങ്ങളെ പക്വമാക്കും
പാരിനായ് ഭക്ഷം പചിക്കുമവൾ.
കോപംവന്നാലവൾ നീർസംഭാരം
താപത്താൽ മൊത്തമായ് സേവിച്ചീടും.
ദാഹനീരും തേടി പ്രാണി പായും,
മോഹിച്ചാലുമില്ലയിറ്റുവെള്ളം.
വാരിദസൂനു, വർഷ നഭസ്സിൽ,
താരാപഥത്തേരിൽ നിൽപ്പൂ ഗർവ്വിൽ.
താഴോട്ടു പോരാനുദ്ദേശമില്ലാ
താഴത്തെ കഷ്ടം കണ്ടില്ല വർഷം.
പൃഥ്വിയും മക്കളും കൈകൾ കൂപ്പി
പ്രാർത്ഥനചെയ്യുന്നു കൊണ്ടലോടായ്,
“ഒന്നു കനിയൂ നീ നീരദമേ!
ഞങ്ങൾക്കായ് തണ്ണീരിൻ തേനൊഴുക്കൂ.”
അർത്ഥിക്കും ഭൂമിയെയുറ്റുനോക്കി
അംബുദം കെട്ടുന്നൊരണക്കെട്ടും.
അഞ്ജസായാകാശയാറൊഴുക്കായ്,
ആരേയും കോരിയെടുക്കാൻ തയ്യാർ.
മാരിപ്പെണ്ണിനെ പറഞ്ഞുവിട്ടു,
ധാത്രിമാതാ പോകും ശീതമൊപ്പം.
വിണ്ണിൽ ചിരിതൂകും ശീതപ്പെണ്ണാൾ
മണ്ണിനും മക്കൾക്കും തോഷം നല്കും.
Comments
Post a Comment