കൂടൊന്നു കൂട്ടുവാൻ!


 

(ഉപസർപ്പിണി)

 

ഒരുതരം പക്ഷി  കൂടൊന്നു  കൂട്ടുവാൻ,

*അരിയ തേന്മാവിൻ കൊമ്പത്തു  ചേക്കേറി.

മലമുകൾത്തട്ടിൻ  തെങ്ങോലനാരുകൾ 

പലവേളതാണ്ടിയെത്തിച്ചു  മാവിലായ്.

 

ചെറിയചുണ്ടുകൾ  ഹൃദ്യമായി ചേർത്തു,

കുറിയ കൂടിൻറെ കീഴ്ഭാഗത്തേ  നെയ്തു.

പതിയെയുൾഖൺഡം പൊള്ളയായ് വച്ചവൾ 

പുതിയ നീഡത്തെ പൂരിതമാക്കുവാൻ.

 

മരമതിൽ തൂങ്ങി നിന്നിടും പഞ്ജരം,

കരുതലായ്  പക്ഷി  നോക്കീ, രസിച്ചു ഹാ!

കനവു കണ്ടുറങ്ങി സ്വന്തം കുഞ്ഞിനേ,      

തനുവാകേയവൾ   കോരിത്തരിച്ചുപോയ്.

 

അരുമയായേറെ  മുട്ടകളിട്ടതിൽ,

തെരുതെരെത്തന്നെ  ശ്രദ്ധയുമേകിയാൾ.

അരുവിതന്നിലെ  പൂച്ചെടിപക്വങ്ങൾ,

അരികിലായ്  വച്ചൂ തന്നുടെ  മക്കൾക്കായ്.

 

വിരിയുമണ്ഡങ്ങളേ  നോക്കി സ്നേഹമായ് 

പരിചോടായവൾ  രക്ഷണവുമേകീ.

പറകവേണ്ടല്ലൊ! മാതാവിന്നാനന്ദം,

പ്രസുവെന്ന ദിവ്യപ്പട്ടം  ലഭിക്കയാൽ.

 

കളികളിൽ   മുങ്ങി കുട്ടികൾ വശ്യമായ്,

കിളിശിശുക്കൾതൻ   കേളി   രസിച്ചു മാ,

പെരിയതാം തുഷ്ടി  പേറിയാ മാതാവും,

ഒരുദിനം മക്കൾ കൂടു വെടിഞ്ഞുപോയ്.

 

Comments