പീഡനപ്രളയം!
(വൃത്തം-നതോന്നത)
വീണല്ലോ കുഞ്ഞുങ്ങൾ രണ്ടും സങ്കടത്തിൻ സാഗരത്തിൽ
കേണു നന്നായ് നിയതിതൻ നിയമത്താലേ.
പാഴായ് ജന്മം പ്രായം ലോലം രക്ഷപ്പെടാൻ മാർഗ്ഗമില്ലാ
പ്രായം വെറും നാലുമേഴും ക്ലേശം കഠിനം.
പിതൃസ്വരം കഠോരമായ് കുഞ്ഞുമനങ്ങൾ നോവിച്ചൂ
മാതൃവാക്യം മൃദുത്വത്തിൻ കാതമകലേ.
കണ്ണിന്നുണ്ണിപോൽ നോക്കിയ പിതാ മേലേ താരമായി,
കണ്മണികൾക്കെതിരാളി പുതുപിതാവും.
സർവ്വാധികാരിതൻ വസ്ത്രം സ്വയംധരിച്ചൂ ഭരിച്ചൂ,
സർവ്വതിന്മനിറച്ചയാൾ പോക്കറ്റിൽ വച്ചൂ .
ഇളം തളിർ പൈതൽ രണ്ടും ശിക്ഷാതാപമേറ്റു വാടി,
ഇളക്കം കാട്ടിയതില്ല മാതാവെന്ന സ്ത്രീ.
കണ്ണടവെച്ചയച്ഛൻറ്റെ ചിത്രം ജ്യേഷ്ഠപൈതൽ ചെയ്തു
കണ്ണീരിൽ മുക്കിയ ബ്രഷാൽ, സന്താപത്തോടായ്.
ചിത്രം നോക്കി സംവദിയ്ക്കും പുത്രർ രണ്ടും ദുഃഖം തീർക്കാൻ,
ഹത്യാവിധി വട്ടംവച്ചതറിഞ്ഞില്ലവർ.
സ്വപ്നം നഹിയാഗ്രഹവും സ്വാന്തനത്തിനാരുമില്ലാ,
വിഘ്നം വിനാവാസരങ്ങളന്യമവർക്ക്.
കൊഞ്ചുംപ്രായം കേളിയില്ലാ ചാഞ്ചല്യവും കാട്ടിയില്ലാ,
പുഞ്ചിരിയെന്നേ മറന്നൂ നെഞ്ചകം നീറീ.
കനിഷ്ഠൻറെ ഒരുചെറു വഴുതലിൻകാരണമായ്,
കൂപംതോണ്ടിയവനായി പിതാനാമാവ്.
പത്തുപിതാ ചമഞ്ഞാലും സ്വന്തം താതനാകില്ലല്ലോ,
ചിത്തത്തിൽ മൃദുത്വമില്ലേൽ രാവണൻ തോൽക്കും.
അമ്മയല്ലാതായ രൂപം, രാക്ഷസിയായ് മാറിപ്പോയോ,
അമ്മിഞ്ഞനൽകിയെന്നാലും മാതാവാകുമോ?
പുണ്യ മുള്ള സംജ്ഞ ‘അമ്മ’ മണ്ണിൽ വീണു വർണ്ണം കെട്ടു,
ഇന്നുകാണും ക്രൂരതകൾ വൈകൃതമല്ലോ!
മാനുഷമനസ്സിന്നുള്ളിൽ വീടുകെട്ടുമാസുരത്തെ
മാന്യതാവിശിഖമെയ്തു തോൽപ്പിക്കവേണം.
നാളെയുടെ ചെപ്പിനുള്ളിൽ നന്മകൾ സഞ്ചിതമാക്കാ-
മാളുകൾക്കു ഹൃത്തു തേടുമാശിത*മാകാൻ.
ആശിതം*= ഭക്ഷണം
Comments
Post a Comment