മർത്ത്യൻറെ ദർപ്പം!
ഈശ്വരാ! നീയെന്റെ ചിത്തത്തെക്കാണണേ,
വിശ്വാസപൂരിതമല്ലോ!
നിന്നുടെ സുന്ദരനാമങ്ങളാൽ സദാ-
യെന്നുള്ളം കോരിത്തരിപ്പൂ.
നിന്നുടെ ഢക്കയിൽ പൊങ്ങിയ നാദത്തിൻ
പൊന്നായരൂപമക്ഷരം.
അക്ഷരം കോർത്തതങ്ങാശയരൂപത്തിൽ
പുഷ്കരംപോൽ പദമായീ.
നാരിൽ പ്രവീണർ കോർത്തൂ പദപ്പൂക്കളേ
നേരായ് ഭാഷാഹാരമായീ.
കാവ്യത്തിൻ മാനത്തിൽ പൊന്തീ പാദങ്ങളും,
കാവ്യമാമിന്ദ്രധനുസ്സായ്.
പാലാഴി കടഞ്ഞ സർപ്പം ക്ഷീണത്താലേ,
പാൽനുരപോൽ വിഷം തുപ്പീ.
പാർവതി കണ്ഠമമർത്തിയില്ലേ പ്രഭോ!
പാടേ തുപ്പാൻ കാളകൂടം.
നാരായണൻ വേഗം വായ മുറുക്കീലേ!
ചോരാതാകാൻ ഹാലാഹലം.
നീലകണ്ഠാ! നീയും പാരിൻ വിഷങ്ങളേ
നീളേ കുടിക്കുന്നു വശ്യം!
മാനസങ്ങൾ പേറും ദുഷ്ടതാചിന്തനം,
നൂനം ഹരാ! ഹരിക്കേണേ.
മർത്ത്യനോ കാട്ടുന്ന ദർപ്പം ഹനിച്ചു നീ
ഉത്തമർക്കേകൂ രക്ഷണം.
Comments
Post a Comment