ആരുടേതാകാം!


 വൃത്തം-മഞ്ജരി 


പത്രത്താളിൽ വാർത്തവായിക്കാനായി ഞാൻ

ചാരുകസേരയിൽ ചാഞ്ഞിരുന്നു.

സുപ്തി തലോടി സമീപേയണഞ്ഞെന്നെ

നേത്രം സ്വസ്ഥം കൂമ്പി,യറിഞ്ഞില്ല.


മുങ്ങി സുഷുപ്തിയിൽ, നിദ്രയിൽ കണ്ടതാം, 

മങ്ങിയ രൂപമാർക്കുള്ളതാകാം!  

ജാഗ്രതവന്നപ്പോൾ ശീലച്ചുഴികളിൽ

ഉഗ്രമായ് തപ്പിത്തിരഞ്ഞുപോയി.


കുഞ്ഞിക്കാൽ പിച്ചയാൽ വീഴുവാൻ പോയപ്പോൾ

കൈചേർത്തു നിർത്തിയ മാതാവാകാം!  

അല്ലെങ്കിൽ  വീട്ടിൽ  സഹായങ്ങളേകിയ,

അപ്പുറംവീട്ടിലേ ചേച്ചിയാകാം!


കുട്ടിക്കാലച്ചൂരാൽ മേളിച്ച നേരത്ത്

വെട്ടം തെളിച്ച ഗുരുവുമാകാം!

അല്ലെങ്കിൽ ഞാൻചെയ്തയജ്ഞാതപാതകം 

ആർദ്രം തിരുത്തിയ താതനാകാം.


മന്മനേയേറ്റൊരു നൊമ്പര നോവിലായ്,

മെല്ലെ തലോടിയ  കാന്തനാകാം.

അല്ലെങ്കിൽ പന്ഥാവു  പൂട്ടുവാൻ വന്നോരെ

വെല്ലാൻ സഹായിച്ചമിത്രമാകാം!


ഗേഹത്തിൻ ഭാരത്താൽ  ശീർഷം  കുനിഞ്ഞപ്പോൾ 

സ്നേഹത്താൽ ചുംബിച്ച പുത്രനാകാം!

അല്ലെങ്കിൽ വല്ലാത്തനീണ്ടയുറക്കത്തെ

മെല്ലെ തളർത്തിയമുത്തിയാകാം!


പൊയ്പ്പോയ കാലത്തിന്‍  പാതയിലെങ്ങാനും,

ചായ്വെന്നിൽ കാട്ടിയ താരുണ്യമോ? 

അല്ലെങ്കിലിറ്റുന്ന  കണ്ണീർക്കണങ്ങളെ

ഒപ്പാനായ് വന്നൊരു  ബന്ധുവാകാം!


 വീഥിയിൽ പൈദാഹദൗർലഭ്യം വന്നപ്പോൾ 

പാഥേയമേകിയ  ശ്രീമാനാകാം!

അല്ലെങ്കിൽ  ദാഹജലത്തിൻ മോഹം തീർക്കാൻ

പാനീയമേകിയ മാന്യയാകാം!


ഓരോരോ ആനനമോർമ്മയിൽ  വന്നപ്പോൾ

ഒത്തു പവിത്രമാം  നീതിശാസ്ത്രം.

ജീവിത പന്ഥാവിൽ ധാരാളം മാനവർ

ഭാവിയിൽ നമ്മെ തുണയ്ക്കും ദൃഢം.


മുന്നേറി പൊക്കോളൂ ശങ്കിച്ചു നിൽക്കേണ്ടാ,

മാർഗ്ഗം തെളിയ്ക്കുവാനാരോ വരും.

മോഹനമീ   ഗോളം, നമ്മുടെ ഭൂവിടം

മറ്റാരും   കൈയേറി പോയിട്ടില്ല.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!