ജഗത്തിൻ ലയം!
(കേക)
ഉണക്കിൻ കോപതാപം
ഉണക്കുന്നൂ പച്ചപ്പും ,
പണിയില്ലല്ലോ, കേഴും
പാവങ്ങൾ ഭൂമീപുത്രർ.
കണികാണുവാനില്ലാ
ജീമൂതത്തിൻ കണങ്ങൾ,
കിണികൊട്ടിയെത്തുന്ന
വർഷത്തെ കണ്ടോ ചന്ദ്രാ!
മഴമേഘ നാഥനാം
മഘവാനേ ! നീ നോക്കൂ
ഇഴജന്തുക്കൾപോലും
ഉഴറുന്നു നീരിന്നായ്.
മരുഭൂമിയായ് മാറും
ഹരിത്തു ചാർത്തിയ ഭൂ,
പുരന്ദരാ! നീ ചാപം
തൊടുത്തീടേണം വേഗം.
മറയ്ക്കല്ലേ ഘനത്തെ
ഇടിമേളവും വേണം
പ്രകാശം ചൊരിഞ്ഞീടാൻ
ക്ഷണികാ ദ്യുതിവേണം.
ഗഗനത്തിൻ വാസികൾ
സർവ്വരും ചേർന്നീടേണം,
ജഗത്തിന്നായി ലയം
ഒരുക്കിവച്ചീടുവാൻ.
ധരിത്രി രമിച്ചീടും
രജനി,യഹസ്സിലും,
കര, പാരാവാരവും
മഴപാതവും ചേരും.
നിശാപതി വന്നിടും
ധാത്രിക്കുത്സാഹമേറും,
മുകിൽവാഹനാ!പ്രഭോ!
നീയും വാ തേരിലേറി.
മനുജൻ വിനാശത്തിൻ,
വിതയ്ക്കുന്നു വിത്തുകൾ,
അനുകൂലമില്ലാത്ത
കാലം വിരുന്നു വരാം .
പ്രകൃതിക്കോ വിദ്വേഷ-
മൊതുക്കും ഭൂമീതാളം,
മരുത്തോ കോപിച്ചീടാം
കൊടുംവാതമായ്ത്തീരാം.
ക്ഷമയ്ക്കും ക്ഷമകെടും
കോപിച്ചു ശാപമേകാം.
അമിതത്തിൽ നടനം
പ്രപഞ്ചത്തെക്കുലുക്കും.
അംബരത്തിൻറെ രാജൻ
കമിഴ്ത്തും വൻകുടങ്ങൾ
അംബരമെല്ലാം കീറും
പാരിടത്തിൽ പ്രളയം.
മരുത്വാനേ! നീ കേൾക്കൂ
മൃതി ഭൂമിക്കേകല്ലേ,
പ്രകൃതിയ്ക്കുവേണ്ടി നീ
കൊണ്ടുവാ കൊണ്ടലിനെ.
ജലവും ആദിത്യനും
പവനനും പാകത്തിൽ,
ഉലയാതെ നിൽക്കേണം,
പ്രപഞ്ചത്തിൻ പ്രാണനായ്.
പുരന്ദരചാപം= ഇന്ദ്രധനുസ്സ് (മഴവില്ല്)
മഘവാൻ=ഇന്ദ്രൻ
ക്ഷണിക =മിന്നൽ
ഹരിത്തു= പച്ചിലനിറം
Comments
Post a Comment