ഉദരാർത്തി!

!                                                                                                                                                                                                           


(മഞ്ജരി)


ആകേയവൾക്കുള്ള സ്വപ്നമൊന്നേയുള്ളു,

ഏകപുത്രിക്കുദരാർത്തിക്കന്ത്യം.

കാറിൻ്റെ  വാതിൽതുറന്നങ്ങു വന്നൊരാ

സാറിനോടായ് പൈസ യാചിച്ചവൾ.


“മാറിനിൽക്കൂ ’ശവം!’ പാതമുടക്കാതെ

കൂറമുണ്ടെന്നിലായ്  മുട്ടിക്കല്ലെ.”

മാറിനുള്ളിൽ സർവ്വ ദുഃഖവും വച്ചവൾ

ജീർണ്ണവസ്ത്രംകൊണ്ടു  മായ്ച്ചു കണ്ണീർ.


എത്രയോ സുന്ദരം ‘ജോലിയും കൂലിയും’

എല്ലാർക്കും കൈ കൊടുക്കില്ല വേല.

മാത്രനേരം ജോലി ചെയ്യുവാനാളില്ല

കാത്തിരിപ്പോരിലെത്തില്ല ജോലി.


എത്ര ശ്രമം  ചെയ്തും വേലതേടിയാലു-

മെത്തില്ല  കർമ്മം കരം കവരാൻ.

വല്യ  ശ്രമങ്ങളേ പുൽകുന്നു  മാനുഷർ 

വല്ലായ്മതീർക്കുംതൊഴിൽ തേടുവാൻ.


ആഹാരമില്ലാത്തോരാടശൂന്യമായോർ

ഗേഹമായ്  മാറ്റുന്നു കിട്ടുന്നിടം.

ദ്രോഹബാണങ്ങളും ചിന്തിടും ചോരയും 

മോഹം ഹനിക്കുവാൻ ഹേതുവാകും.


സൂര്യചന്ദ്രന്മാരും താരകക്കൂട്ടവും

പാരം തിളങ്ങി പ്രകാശം നല്കൂ.

പ്രാണവാതം  തെല്ലും വൈജാത്യം കാട്ടാതെ

പ്രാണികൾക്കേകുന്നു  ജീവശ്വാസം.


മാനവൻ മാനവമൂല്യത്തെ ക്കൊല്ലുന്നു, 

ദാനവന്മാരായ്  സ്ഥിതി ചെയ്യുന്നു. 

സമ്പത്തിൻ കുന്നിൻ്റെ   മേലേ വീടുള്ളവർ, 

സ്വാർത്ഥതാശയ്യയിലായ് ശയിപ്പൂ.


പാരിൽ പ്രഹേളികാതുല്യമായ് മാറുന്നു

ചാരുസ്വാദേറും സമഷ്ടിശബ്ദം.

മർത്ത്യാ! ഉണരൂ നീ മിന്നാമിന്നിജീവൻ

വ്യർത്ഥമാക്കൊല്ലാ, നന്മകൾ ചെയ്യൂ.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!