കളിവിമാനം!





(മണിമഞ്ജരി)


 


അനുദിനം ബാലനാമരവിന്ദു മാടത്തിൻ   

അനുബന്ധമുറ്റത്തു നിന്നിടുന്നൂ.

ഗഗനമാമാഴിയിൽ  വ്യാപാരിക്കും കപ്പൽ 

ഗമനമേറെ  തൂർണ്ണം ചെയ്‌വതുണ്ടേ.


അവനതിൻ ദൃശ്യത്താലുള്ളം   തുടികൊട്ടി,

അവിടെയായ്   പാദമുറപ്പിക്കുന്നൂ. 

അതുകണ്ടു  ചിത്തം  താരാപഥമെത്തുവാൻ 

അതിവേഗമായ് നലം കനവു നെയ്യും.


"വിമാനമേറീ  പറത്തണം മിടുക്കോടെ,

അമാനുഷനെപ്പോൽ ഞാൻ പൊങ്ങും  വിണ്ണിൽ."

അവനിൽ കുരുത്തോരു മോഹം  വരച്ചു ഹാ!

അഴകോടെ പൈലറ്റിൻ  ചിത്രങ്ങളും.


മനസ്സിലവൻ  യാനയാത്ര ചെയ്തു ദ്യോവിൽ

കനവിലോ  പാറീ വീടിൻ   മുകളിൽ.

പടങ്ങൾ  മുറിച്ചു പൈലറ്റിന്റെ , സൂക്ഷിക്കാൻ,

പരിചൊടായ്   വെച്ചതു പെട്ടിക്കുള്ളിൽ.  


“ഒരുദിനം ഞാനുമീ മാനത്തിൻ സരണിയാൽ, 

അതിദൂര  ദേശങ്ങൾ   കീഴടക്കും.

ദുരിതം കുറയ്ക്കുവാനൊത്തീടുമതുകൊണ്ടു,

പരിപൂർണ്ണമായതിൽ ശ്രദ്ധ വയ്ക്കും.


വരുവതാം  കഷ്ടങ്ങളെല്ലാമെ  തീർത്തിടും 

അരുമയായ്  ഞാൻ   പറത്തും വിമാനം.

കുടിലിൻ   സ്ഥലത്തായി  ഞാനൊരു  സൗധത്തെ

 പടുത്തുയരേ  നിർത്തും വാസം ചെയ്യാൻ."


ഇടക്കിടെ   വാക്കുകളുള്ളിൻറേതാം  വാതിൽ,

 അടിക്കടി  മലർക്കേ   തുറന്നു കാട്ടും. 

വിധിയുടെ  ക്രൂരതയവനുടെ ജീവനിൽ, 

അധികമായ്  സായകമെയ്‌തുവിട്ടൂ. 


  പഠനം കഴിഞ്ഞു സ്കൂൾ വിട്ടു  മടങ്ങുമ്പോൾ,

 അടുത്തു കടന്നെത്തി കടിച്ചു ശ്വാനൻ   .

 കടുത്തു പനിത്താപം, വിടചൊല്ലിയാത്മാവും,

പടവുകേറിപ്പോയി നാകം പൂകീ.


സുഹൃത്തിനു മാതാപിതാക്കൾതൻ വേദന, 

സഹിയാതയാൾ  വാങ്ങി  കളിവിമാനം.

വിതുമ്പലൊതുക്കാതെ പിതാ ഗ്രഹിച്ചതു 

 ചിതയിലായ്   വച്ചൂ, പെയ്തൂ മിഴിനീർ.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!