വിഷലോകം!
കല്പാന്തകാലംതൊട്ടു
മർത്യാ! മേദിനി നിന്നെ
ഉത്സാഹപൂർവ്വമായി
പോറ്റിവളർത്തീടുന്നു.
ഉത്സുംഗേയരുമയായ്
വച്ചു താരാട്ടുപാടി
വാൽസല്യമധുവൂട്ടി
വളർത്തിനിന്നെ നിജ.
വയലേലകളിലായ്
കതിർ വിളയിച്ചമ്മ
വയറിൻ വിളികളെ
ശ്രവിച്ചു ശമിപ്പിച്ചു.
താപത്താൽ വശംകെട്ടു
നീയങ്ങുരുകും നേരം
ആപത്താം ചൂടകറ്റാൻ
മാരുതനേവിളിച്ചു.
ക്ഷുത്തിനെ ഓടിക്കാനായ്
തെളിനീർത്തടാകങ്ങൾ
ഉത്തമമായിത്തന്നെ
ഉണ്ടാക്കിവച്ചൂവമ്മ!
ഉത്തുംഗമാം ശ്രിംഗത്തി-
ലിരുത്തി തോഷമേറ്റി
ഉന്നതമൂല്യങ്ങൾതൻ
ജ്ഞാനം പകർന്നുതന്നു.
ഉന്നതമായ്പ്പറക്കാൻ
ചിറകുപൊന്തിയപ്പോൾ
ഉന്മാദം നിൻ ശിരസ്സിൽ
വാസം ചെയ്യുവാനെത്തി.
സുഖത്തിൻ പാരമ്യത്തി-
ലെത്തിനീ നിന്നീലയോ?
സഖൻമാരൊപ്പംകൂടി
ധിക്കാരധ്വജംപൊക്കി.
വയസ്സിൽ വർഷങ്ങൾതൻ
വേലിയേറ്റംവന്നാലും
ഉയർന്നുനിൽക്കുന്നില്ല
അവൻചേതസ്സിൽ യുക്തി.
അതിമോഹം സാധിക്കാൻ
അനീതിയേ പുല്കിടും,
അതിർത്തി കുന്നായ്മയ്ക്കു
അതിദൂരത്തിലല്ലോ.
കരളിൽ പെയ്യുന്നുണ്ടാം
മലിന്യം വൃഷ്ടിപോലെ,
അരുതാത്തകാര്യങ്ങൾ
കരത്തിൽ കുടിയേറും.
കള്ളത്താൽ കടത്തുന്നു
പണവും പണ്ടങ്ങളും
ഉള്ളതുകൊണ്ടിവിടെ
ജീവിക്കാൻ പഠിക്കില്ല.
കലിതൻ സുഹൃത്തായ് നീ
പണിഞ്ഞു വിഷലോകം,
അലയുന്നി,ന്നേവരും
നിന്നുടെ കൃത്യഫലം.
ആദരഭാവമില്ല
ജീവിതം ദുസ്സഹമായ്,
കാതരയായ് കേഴുന്നൂ
പ്രിയപ്രസു വസുധ.
ഇനിയെങ്കിലും നരാ
പ്രബുദ്ധമാക്കൂ മനം,
ഇനിവരും പൗരർക്കു
നരകം നല്കീടൊല്ലാ.
ഇനൻപോൽ തിളങ്ങട്ടെ
ജീവിവർഗ്ഗമാനസം,
ഇനിപ്പൊഴുക്കാൻ ക്ഷിതി
പാകമായ്ത്തീർന്നീടട്ടെ.
Comments
Post a Comment