പാവംശാഖി!

പാവംശാഖി!


ഞാനൊരു പാവമാഞ്ഞിലിശാഖി-

യെനിക്കുണ്ടേറെ കഥകളോതാൻ.

സ്വയമായ് ഞാനോ പുകഴ്ത്തുകില്ല,

സാലം  ഞാൻ നിൽപ്പൂ മനോഹരനായ്.


സമൃദ്ധമാം കേശം കാഴ്ചകേമം,

സായം ഭംഗിയിലൊരുക്കിയെന്നെ.

മൊത്തത്തിൽ ഞാനൊരു സുന്ദരനായ്,

സ്വന്തമെന്നപോൽ  പവനൻപുൽകീ.


മൂർദ്ധാവിലായ് മുത്തി രാകേന്ദുവും, 

മുഗ്ദ്ധതാപൂർവ്വം ഞാൻ നിന്നവിടെ.

മുക്തസദൃശം ഫലങ്ങൾനൽകേ ,

മുക്തകണ്ഠം ഞാൻ  സ്തുതികൾ കേട്ടു.


കുട്ടിക്കൂട്ടങ്ങൾ  കയറിയാർത്തു,

കാട്ടിലെ പറവ പണിഞ്ഞു ഗേഹം.

മാനമായ് ഫലങ്ങൾ ഞാനങ്ങേകി,

മൗനമായ് മർത്യൻ രുചിച്ചതെല്ലാം. 


മൂർഖമനുഷ്യൻ തുടങ്ങീ ദ്രോഹം,

മുഖ്യമായ്  ദാഹനീരുകുറച്ചു.

സ്വാർത്ഥരാം നിങ്ങളോ ചോരചിന്തി

നിസ്വാർത്ഥസേവനവേതനമായ്.


ഇന്നെന്റെ സ്ഥിതി, കൂന്തൽ കൊഴിഞ്ഞു

ബന്ധുക്കളെന്നെയറിയുന്നില്ല.

മൃത്യു ചൊല്ലി  പരിഹാസപൂർവ്വം

“സത്യമായ് നിന്നെ ഞാൻ കൂടെക്കൂട്ടാം.”

 

പാതാളമാകാശം ജീവികളും

വൻതരു ഞങ്ങൾ, കുറ്റിച്ചെടിയും,

ഭൂവിൻ സ്വത്തായി നിലനില്ക്കണ്ടേ?

ഭൂമിക്കു മാനവാ! നോവേറ്റാതെ.




Comments

Popular posts from this blog

പണത്തിനു മുന്നിൽ...!

കാലത്തിൻ കണക്കുകൾ!

സുന്ദര വക്ത്രം!