തൊഴിൽശാല!
(ശ്ലഥകാകളി)
ആഗതമായ് രാജു പ്രവാസി നാട്ടിലായ്,
സ്വാഗതം ഹൃദ്യമായോതീ ബന്ധുജനം.
രാജുവിൻ ചിത്തത്തിൽ ചിന്തയെത്തി നോക്കി,
രാകാത്തിങ്കൾസമം പുത്തൻമുള പൊന്തീ.
"വേണം ഗ്രാമത്തിലായ് വേല നൽകും ശാല .
വേണ്ടതോ നമ്മുടെ നാട്ടുകാർ ജോലിക്കായ്."
പട്ടിണി കൂട്ടായ പാവങ്ങൾക്കൊക്കവേ
കിട്ടണം വേതനമുള്ളം കുളിർത്തീടാൻ.
പട്ടിണിയേ പാട്ടിലാക്കുവാൻ നന്നല്ലോ
'ഹോട്ടലിന്നുദ്യമം പോകില്ലാ പാഴിലായ്.'
ഇഷ്ടംകിനിയുന്നനാടൻ പ്രദേശത്തായ്
തുഷ്ടിപേറും രമണീയഗേഹം വച്ചൂ.
കെട്ടിടവിസ്താരം വിസ്തരിച്ചീടേണ്ടാ ,
കൂട്ടീടാം പിന്നീടായ് വേണ്ടപ്പോൾ മാത്രമായ്.
വല്യതാം സ്വപ്നത്തേ രാജു പുൽകി നിന്നൂ
കാൽവയ്പ്പു ചെയ്യേണം വേണം പരിപാടികൾ .
പഞ്ചായത്താഫീസിൻ സമ്മതം നേടുവാൻ,
ഇച്ഛാപൂർവ്വമെത്തീയുൽസുകനായ് രാജു.
"വസ്തുവിൻറാധാരം പോരായിതുമാത്രം,
വസ്തുമാറ്റംചെയ്ത മുൻപ്രമാണം വേണം,”
രാജുവിനോടു പറഞ്ഞവരർപ്പിക്കാൻ,
രേഖാമുത്തിക്കൊപ്പം വേറേ ലിഖിതങ്ങൾ.
ഓരോന്നുമെത്തുമ്പോളായിരം രേഖകൾ
ഓരോരുത്തനുമോതി, 'കൊണ്ടുവരേണം'.
എങ്ങനേയും കാര്യം ചെയ്യാതിരിക്കുവാൻ,
അങ്ങോട്ടുമിങ്ങോട്ടുമോടിച്ചായാളിനേ.
“എങ്ങുപോയ് തേടും ഞാൻ വൃദ്ധയാമാധാരം?
ഇങ്ങിനീമൊന്നും വേണ്ടാന്നു,' നിനച്ചയാൾ.
സ്വന്തം ക്ഷേമങ്ങളും നാടിൻ തുടിപ്പതും,
അന്തരംഗേ പേറി രാജു പുറപ്പെട്ടൂ.
തോൽവിയുമായ് തോറ്റു രാജു മടങ്ങിപ്പോയ്
ശീർഷലിഖിതമ്പോൽ വീണ്ടും പ്രവാസിയായ്.
വൈകിക്കും മാഹാത്മ്യത്തിൽ രസിച്ചീടിലോ
കൈവരും കൈവല്യം സമ്പത്തു രൂപത്തിൽ.
മൂന്നുവട്ടം തന്നെ, ചിന്തിക്കൂ കൂട്ടരേ,
മുന്നോട്ടായ് പോകുവാൻ കാണിക്ക വയ്ക്കാതെ , !
Comments
Post a Comment