ഇന്നിന്റെ ചിത്രം!
ഇന്നിന്റെ നേർചിത്രം!
ഇന്നിന്റെ നേർചിത്രമെന്തെന്നു
ചൊല്ലിടാം,
മണ്ണിന്നു മാലിന്യനിക്ഷേപ
സ്ഥാനമായ്.
നിത്യവും വീഴുന്ന’പ്ലാസ്റ്റിക്കു’
റോഡിന്റെ
ജന്മിയായ്ത്തീരുന്നു വല്ലാത്ത
ചേഷ്ടയായ്.
എന്തുമെപ്പോഴും
വലിച്ചെറിയുംകല,
മാനുഷചിന്തയിൽ
ഹാനിയതാവില്ല.
“കഷ്ടങ്ങളെത്തില്ലുറപ്പതു
നമ്മളിൽ
ഇഷ്ടങ്ങൾ സാധിതം,”നിനപ്പൂ
മാലോകർ.
സത്യം പറയട്ടേ മർത്യന്റെ
പാടവം,
വൃത്തിയായ് ഭൂ വൃത്തികേടാക്കി
മാറ്റുന്നു.
സ്വന്തം മനസ്സിലായ് ചീക്ക
നിറയ്ക്കുവാൻ
എന്തുമാർഗ്ഗങ്ങളും
സ്വീകൃതമിന്നൊക്കെ.
മാരുതൻ മന്ദമൊഴുകീ
പാട്ടുമ്പാടി,
താരുതന്തുക്കളേം
തഴുകീയിരുന്നൂ.
ശ്വേതമാം രക്തമൊഴുക്കും
സരിത്തുകൾ
ശുദ്ധമാം പുഞ്ചിരിതൂകി
ജീവിച്ചില്ലെ?
ഉത്തുംഗ ശുദ്ധിയിൽ
മേളിച്ചനാടായി
ഉത്തമ മാതൃക
കാട്ടിയെല്ലാവർക്കും.
ആദരം തമ്മിലായ്,
ഒത്തുചേർന്നുള്ളൊരു
സോദരസ്നേഹത്തിൽ
വർത്തിച്ചദേശവും.
വായുവിന്നു ശ്വാസംവിടാനും
വയ്യാതായ്,
തോയവും രോഗക്കിടക്കയിൽ
തന്നായി.
തീവ്രചികിത്സാ
വിധേയയായില്ലെങ്കിൽ
ധാത്രി മൃതയായി
മാറുമതോർക്കണം.
സാനു തോയത്തിന്റെ ജീവൻ
നിലനിർത്താൻ
വാനത്തിൽ കൊണ്ടലായ് മാറ്റുന്നു
വെള്ളത്തെ.
നീരിന്നു പൃഥ്വിയിൽ
രക്ഷയിന്നു ശൂന്യം,
പോരിൽ പരാജയമേറ്റുവാങ്ങും
ദൃഢം.
വിദ്യതൻ പാഠമായ്
ഹിതോപദേശങ്ങൾ,
വിദ്യാർത്ഥികൾക്കായി
സാധിതമാക്കണം.
നാടിൻ മിടിപ്പു നാം
ഭദ്രമറിയേണം
പാടെ തേക്കല്ലേ ശിരസ്സു
മറന്നെണ്ണ.
മാനുഷജീവിതം
ഫുല്ലമാക്കീടണോ?
മാനമായ് ഹൃദന്തം
വൃത്തിയാക്കീടണം.
ഭൂഷണം കർമ്മങ്ങൾ,
വാക്കുകളല്ലല്ലൊ,
ഭാഷണം പോരല്ലൊ,
വേണ്ടതു കാട്ടണം.
ബുദ്ധിയേ ശോധനചെയ്യാം
വിവേകമായ്
ബോദ്ധ്യമാകും സ്വയം
നേരില്ലാക്കാര്യങ്ങൾ.
ഭൂവിൻ മനസ്സിലായ് നൊമ്പരം
കേറ്റല്ലെ,
ഭാവിയേ ഭാസുരമാക്കണ-
മാഭയായ്.
.
Comments
Post a Comment