വേളിക്കത്ത്!
ശ്രീകൃഷ്ണക്കോവിലിൻ മുന്നിൽ നീ നിന്നപ്പോൾ,
ശ്രീയെഴും നിൻവക്ത്രകാന്തികണ്ടു.
കൈകൂപ്പി നിന്നു നീ മെല്ലെയെന്നെ നോക്കി,
കാണാത്തരീതിയിൽ ഞാനും നിന്നു.
അമ്പലദർശനസന്ദർഭമെന്നിലായ്
അമ്പോടതത്രയ്ക്കുമില്ലതന്നേ.
വിശ്വാസമുണ്ടേറെ, ചിന്തനം ചെയ്യുന്നു,
ഉള്ളിലാണീശ്വരനെന്നതോന്നൽ.
ഇന്നായി മാധവൻ കാട്ടിയതാകുമോ
ഇത്രയും ശാലീനയായ നിന്നെ?
ഇന്നത്തെ അത്യന്തനൂതനകാലത്തായ്
ഇത്രസൗന്ദര്യം ഞാൻ കാണാറില്ലാ.
‘മാമൂലിൽ താൽപ്പര്യമേറും പഴഞ്ചൻമോൻ’
മാതാവു ചാർത്തിത്തന്നൊരു നാമം.
“മാലാഖതുല്യമായ് ദീപ്തിചൊരിഞ്ഞിടും
മാനിനീ! നീയെനിക്കായ് ജനിച്ചോ?
മാനസം വന്നില്ല കൂടെ വരാൻമടി,
മന്ദബുദ്ധിപോൽ ഞാൻ നോക്കിനിന്നു
നിന്റെ വക്ത്രത്തിന്റെ ചേലോലും ചിത്രമെൻ
നെഞ്ചിലെ ’ക്യാമറ’ ഒപ്പിമെല്ലേ.
മാനസമാല്യവും ചാർത്തിയന്യോന്യമായ്,
മാൻസമമുള്ളം കുതിച്ചുചാടി.
നിന്നെക്കൂട്ടിപ്പോരുവാൻ മനം മോഹിച്ചു,
എന്നാലും തേടി പഠിക്കാൻ മാർഗ്ഗം.
ഫോണിന്നക്കം നിന്റെ ചിത്തത്തിൽ വാസമായ്
നിന്റെ ഫോൺസംഖ്യയെന്നാത്മാവിലും.
പാവമാം ഫോണുകൾക്കന്യമായ് വിശ്രമം
കാവൽനിന്നു പ്രേമവാതിലിലായ്.
നിന്നെഞാൻ ‘ഇൻസ്റ്റാഗ്രാം’ പൊൻരഥത്തിൽക്കേറ്റി,
എന്നും കൂടെക്കൂട്ടി യാത്രചെയ്തൂ.
ഇന്നു ഞാൻ ഉല്ലാസപൂർവ്വം തുറന്നുഫോൺ
എന്തേയീ കാണ്മൂ നിൻ വേളിക്കത്തോ?
Comments
Post a Comment