അമ്മയും പന്ത്രണ്ടുമക്കളും!
പന്ത്രണ്ടു പുത്രരെ പെറ്റയമ്മ,
പന്തീരുകുലപ്പറച്ചിയല്ല.
പന്ത്രണ്ടും പന്തിയിൽ വന്നുനിന്നു,
പന്ത്രണ്ടാമനും മറഞ്ഞുപോയീ.
മന്നിൽ സഹായങ്ങൾ നൽകീടാനായ്,
കുന്നോളം ചേതങ്ങൽ തീർത്തിടാനായ്,
കന്മഷം കണ്ണീർച്ചാൽ കീറിയപ്പോൾ
കണ്ണിണ പൂട്ടാതെ നോക്കിയവൾ.
മേൽനോട്ടം നന്നായിചെയ്യുന്നവൾ
മാതാ, ഭൂമിതൻ സമാനമവൾ ,
നല്ലമാർഗ്ഗം സദാ കാട്ടിത്തരും,
ജ്ഞാനമേകീടും ഗുരുവുമാകും.
കാരുണ്യവാരിധിതന്നുടമ
കാരിരുമ്പുപോലെ തീരുമാനം.
കണ്മണിപോലവൾ കാത്തുപോന്നു
കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി.
കാലവും പുത്രരും വേലചെയ്വൂ
ഇല്ലാ വിശ്രമവും വേലാന്ത്യവും.
ഏറ്റമിളയസഹജയും പോയ്,
ചിറ്റമ്മയ്ക്കെത്താൻ സമയമായി.
മുന്നത്തെയാണ്ടും തന്നർഭകരും
വിണ്ണാംവീട്ടിൽ പാർക്കാൻ നടകൊണ്ടു.
പുത്തൻ വർഷം വരും, നന്ദനരാം
പന്ത്രണ്ടുമെത്തു,മൊന്നൊന്നായി.
കാവ്യംപോലെത്തിടും പുതുമോഹം
നവ്യോപഹാരങ്ങൾ കണ്ടെത്തിടും.
ഈശ്വരചിന്തയേ കൂടെക്കൂട്ടാം,
ദൃശ്യമായീടട്ടെ ഉൺമ ഭൂവിൽ.
Comments
Post a Comment