നോവിന്റെ നീരൊഴുക്ക് !
(കേക)
ചിത്തത്തിന്നാഴങ്ങളിൽ
നോവിന്റെ നീരൊഴുക്കായ്,
ഉത്തരയുടെ ക്ഷേത്രം
നിർജ്ജീവം മാനസവും.
മോശമായതിൻ ഹേതു
പെട്ടെന്നുണർന്നൂ വൃഷ്ടി.
മട്ടുമാറിയ വർഷം
പിണമഞ്ചമെത്തിച്ചു.
ഭർത്താവും പൊന്നുമോനും
ഛായാചിത്രമായ് മാറി,
മൊത്തത്തിലനാഥയായ്
ജീവിതവീഥിതന്നിൽ.
ഉത്തരയ്ക്കുത്തരമോ
ഹൃദിയെത്തിയുമില്ല.
ഉത്തരമില്ലാ പ്രശ്നം
ബലൂൺപോലുള്ളിൽ വീർത്തു.
ഉത്തുംഗക്കുന്നിൻ മേലെ
ഉത്തമൻ തൻ കുടുംബ-
മുത്തമസ്വപ്നങ്ങൾതൻ
കുടക്കീഴിലായ് നിന്നൂ.
“പത്തുപണമുണ്ടാക്കി
വയ്ക്കണമൊരാലയം,”
ചിത്തങ്ങൾ നിലകൊണ്ടു
കനവിൻ കുടക്കീഴിൽ.
സ്വന്തം ഗേഹവാസത്തിൻ
മോഹഹാരം കോർത്തവർ
സന്തോഷക്കാറ്റിലായി
ചാഞ്ചാടിയവർനിന്നു.
ഉത്തുംഗശാഖിയിലായ്
തേനീച്ച തേൻ വയ്ക്കുമ്പോൽ,
ശുദ്ധനാം വീടിൻ നാഥൻ
ശേഖരിച്ചൽപ്പം ധനം.
എത്തിനോക്കിച്ചിരിച്ചു
പുത്തൻ വർഷത്തിൻ ചിങ്ങം,
പെയ്ത്തിന്റെ പനീർത്തുള്ളി
തളിച്ചു ഭൂവിലീശൻ.
മേഘം ഗർജ്ജിച്ചൂ വൃഷ്ടി
കാളിയമർദ്ദനമായ്.
ശോകഗാനത്തിന്നീണം
മൂകമായ് ചുറ്റും നിന്നു.
വൻരമ്യമന്ദിരവും
പൊക്കത്തിൽ പാദപങ്ങൾ,
മിന്നൽ തോൽക്കും വേഗത്തി-
ലോടും വണ്ടികൾ ഭോജ്യം.
കിട്ടിയതൊക്കെത്തിന്നു
മുന്നേറി വർഷപാതം,
നഷ്ടമായുത്തരതൻ
തോഷത്തിൻ കല്ലോലവും.
ശാപ്പാടു പൂർണ്ണമായി
പിൻവാങ്ങി മാരിയെക്ഷി.
അപ്പോഴോ മോഹിച്ചവൾ
വന്യമൃഗാന്നമാകാൻ.
ഇച്ഛയ്ക്കും ഭംഗത്തിനും
കാലദേശങ്ങളില്ലാ
ഇച്ഛയോയെന്നുമെന്നും
മർത്യനിൽക്കൂടു കൂട്ടും.
വിരവേ,പൊന്തിവന്നു
ഉ ള്ളിലായ്മേവും പൈതൽ
“മരണം വരിക്കില്ലാ
കടയ്ക്കു ജീവനേകും."
വിധിയോ സ്വന്തം തട്ടിൽ
മർത്യനായ് വച്ചതെല്ലാം,
കയത്തിൽ വീണെന്നാലും
സ്വീകരണം , കരണം.
ക്ഷേത്രം= ശരീരം
പത്തനം= വീട്
Comments
Post a Comment