ശുദ്ധചിത്തം!
ശുദ്ധചിത്തം!
(താരസാരം-സ്വയംകൃത വൃത്തം)
തംതതം തംതംത തംതംതം തം
വെണ്ണകട്ടുണ്ണുന്നകണ്ണാ!നീയെൻ
കണ്ണിണക്കാനന്ദമേകീടുന്നൂ.
നിന്റ തൃപ്പാദങ്ങ,ളെന്നും ചിത്തിൽ
വന്നിടാൻ ഞാനെന്തു ചെയ്വൂ കണ്ണാ!.
മാനവന്റേതാം കൃതം നീ കേൾക്കൂ,
മൂല്യവും ചുട്ടങ്ങ,ഹങ്കാരം താൻ.
മാനസവ്യാപാരകാര്യങ്ങൾക്കോ
മാർദ്ദവം തെല്ലും മനുഷ്യന്നില്ലാ!
ഉദ്യമം പാഴാക്കി മാറ്റും മർത്യാ!
ഉമ്മിണിക്കഷ്ടം, നിനച്ചിടൂ നീ.
ഉണ്ണുവാനന്നം തരിക്കൂമില്ലാ-
യെങ്കിലും മോദത്തിനേറ്റം കാട്ടും.
എന്നുമേ മാന്യൻ ചമഞ്ഞീടുന്നൂ,
ഭള്ളു ചേതസ്സിന്റെ കൂടെപ്പാർക്കും.
കുത്തുവാക്കാ,മായുധം മർത്യന്മാർ,
കാത്തുവയ്ക്കുന്നൂ പ്രയോഗിച്ചീടാൻ.
ചിത്തമെന്നും ശുദ്ധമാക്കൂമർത്യാ!
സ്വത്തുതുല്യം വന്നുചേരും തോഷം.
നല്ലതാം കാര്യങ്ങൾ മാത്രംചെയ്യൂ,
നന്മതൻ കേദാരമായിത്തീരും.
ഉണ്മയേ കംസാരി ശ്ലാഘിച്ചീടും,
മന്നിലായ് ലോകർക്കു കാവൽക്കാരൻ.
ശാന്തിതൻമന്ത്രം നിറയ്ക്കൂ ചുണ്ടിൽ,
ശാന്തമായ് നേർപ്പാത കാട്ടും കണ്ണൻ.
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കായ്,
ഉത്തരം നീതന്നെയല്ലേ ശൗരേ!
ഉള്ളിലായ്മിന്നുന്ന ദീപം നീയേ,
ഉത്തമം,സർവ്വർക്കുമേകൂ മോക്ഷം.
Comments
Post a Comment