രണ്ടു കാകന്മാർ!
(ഒരു നാടോടിക്കഥയാധാരം)
അങ്ങേതിലിങ്ങേതിൽ രണ്ടുണ്ടു കാകന്മാർ
ചങ്ങാതിമാരവരൊന്നെന്നു ഭാവിച്ചു.
ചിങ്ങമാസം വന്നു വാഴകുലച്ചല്ലോ
എങ്ങനേം തിന്നണം നേന്ത്രപ്പഴങ്ങളും.
തെക്കേലെ കാക്ക ഇരുന്നു വാഴക്കൈയിൽ
തക്കത്തിലായ് കൊത്താൻ പക്വഫലങ്ങളെ.
ചിക്കെന്നൊടിഞ്ഞങ്ങു വാഴതൻ കൈയയ്യൊ!
ചക്കപോൽ താഴത്തുവീണുപോയ് *കരടം.
കാലിലായ് കൊണ്ടൊരു മുള്ളു, വേദന ഹാ!
കാലത്തുതന്നെ പോയ് വൈദ്യഗൃഹംതന്നിൽ.
“കല്ലിലുരച്ചു കഴിക്കുയീയൗഷധം,”
ചൊല്ലിവൈദ്യർ മെല്ലേ, കാക്ക സ്ഥലംവിട്ടു.
കഷ്ടം മരുന്നു ഹാ! വീണുപോയ് കിണറ്റിൽ,
കാക്ക ചാടി കൂടെ,കിട്ടി പൊന്നിൻകട്ടി.
സ്വപ്നമുള്ളിൽ പൊന്തി മറ്റേഖഗത്തിനും,
“സ്വർണ്ണമെനിക്കും കിട്ടേണമവനേക്കാൾ.”
ചേക്കേറി കാകനും വാഴമേലാർത്തിയിൽ,
ചാടിയവൻ താഴെ, വീഴാഞ്ഞതിൻമൂലം.
മുള്ളുകൊണ്ടില്ല കാലിൽ,കുത്തിക്കയറ്റീ,
മണ്ടിയെത്തീവൈദ്യരേകിയില്ലൗഷധം.
വൈദ്യരെ വല്ലാതെ കൊത്തിനോവിച്ചവൻ
പൈശാചികം കൊണ്ടുപോയവൻ മരുന്നും.
ഭേഷായുരച്ചവൻ ഔഷധം വീണില്ല,
*ഭേഷജം കൊത്തിക്കിണറ്റിലായിട്ടവൻ.
“പൊന്നല്ല, കുന്നോളം വജ്രക്കൽ കിട്ടിടും
പൊന്നോണവും ചേലിൽ ഘോഷിച്ചിടും ഞാനും.”
ചാടീ കിണറ്റിലത്യാഗ്രഹിയാം കാക്ക,
ചെന്നങ്ങുവീണതോ വിസർജ്ജ്യപങ്കത്തിൽ.
ആരുമാരും വേറെയാളെ പകർത്തേണ്ട,
ചേരുന്ന ജോലികൾ ചെയ്തങ്ങു ജീവിക്കൂ.
ആരേം പകർത്താതെ, കർമ്മങ്ങൾ നമ്മൾക്കായ്
പാരിലീശൻ രചിച്ചീടുന്നു പാവനം.
*കരടം= കാക്ക
*ഭേഷജം=മരുന്ന്
Comments
Post a Comment