സ്വപ്നവർണ്ണം!
സത്യാർത്ഥിയമ്മയ്ക്കു പുന്നാരമോനവൻ,
സത്യത്തിലച്ഛനും സ്വപ്നവർണ്ണം.
അച്ഛമ്മയ്ക്കോമനക്കുട്ടനാം പൊന്നുമോൻ
അച്ഛച്ചന്നോയെന്നും ചക്കരയും.
അദ്ധ്യാപകർക്കുമേ പാഠ്യപദ്ധതിയിൽ
അത്യന്തം നിഷ്ഠതവയ്ക്കും ശിഷ്യൻ.
ആനനം സ്വഭാവവൈശിഷ്ട്യം ചൊല്ലുന്നു,
ആരോടും വൈരാഗ്യം വയ്ക്കുന്നില്ല.
അല്ലലില്ലാക്കാലം പുൽകീ കുടംബത്തെ,
അർത്ഥപൂർണ്ണം സ്നേഹം ഹാസം തൂകീ .
ആവേശത്തിൽ സ്വന്തപാഠസുഹൃത്തൊപ്പം
ആനന്ദത്തോടെ സത്യൻ കഴിഞ്ഞു.
ആരെയും കൂസാത്ത ചട്ടമ്പിക്കൂട്ടരോ
ആയുസ്സവന്റെ മുഷ്ടിയിലാക്കി.
ആച്ചെറുപ്രായത്തിൻ സ്വപ്നമൊലിച്ചുപോയ്,
അച്ഛനുമമ്മക്കും സഹിച്ചില്ലാ.
അന്നവും വെള്ളവുമൊന്നുംവേണ്ടമ്മയ്ക്ക്,
അച്ഛനും മിണ്ടാപ്രാണിയായ്മാറീ.
“ആർക്കുവേണ്ടീയിനി ജീവിക്കണം നമ്മൾ,”
ആ രണ്ടു മാനസം ചൊല്ലീ മുകം.
ദുഷ്ടതയാൾരൂപം കെട്ടിപ്പടുക്കുവോർ
ദുഷ്ച്ചിന്തയേ നാഥന്മാരുമാക്കീ.
ക്രൂരതാനൃത്തങ്ങൾ ചെയ്യുംചിത്തംപേറും
കശ്മലന്മാരുലാത്തുന്നു മന്നിൽ.
കൊല്ലും ചതിയ്ക്കും കലാരുപമേകുന്നൂ
കത്തിയും വാളും സഹായികളും.
കണ്ടാലും കണ്ടില്ലാനാട്യത്തിൽ സാഹിതി,
കേട്ടാലും കാതുകൊട്ടിയടക്കും.
രാഷ്ട്രീയക്കോമരത്തെയ്യം കെട്ടും ചിലർ
രാഷ്ട്രത്തിൻ വൈരിയാം സാത്താന്മാരായ്.
രാപ്പകൽ കണ്ണിമ തെല്ലുമടയ്ക്കാതെ
രാമാ! നീ കാത്തീടൂ പൊൻമക്കളേ.
Comments
Post a Comment