കർണ്ണികാരം
(ശ്ലഥകാകളി)
ഞാൻ കർണ്ണികാരം ശ്രീകൃഷ്ണന്നു സുപ്രിയ,
ധ്യാനിച്ചു നിന്നു ഞാൻ ഭക്തിയിൽ മുങ്ങുന്നു.
നോക്കില്ലയാരോരുമെന്നുടെയാകാരം,
വാക്കില്ല ചൊല്ലുവാൻ മാമകകന്മഷം.
ഞാൻ പെറ്റ കുഞ്ഞുങ്ങളെണ്ണത്തിൽ ധാരാളം,
പൊൻവർണ്ണക്കുർത്തയിലെൻമുന്നിൽ പൊന്നവർ.
തൂങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം,
കിങ്ങിണിപ്പൈതലാമെന്നുടെയാത്മാജർ.
ഏറേയൂർജ്ജം തേടി പുൽകുന്നെന്നെ മക്കൾ,
ഏറുകണ്ണാൽപ്പോലും ശ്രദ്ധിക്കില്ലാ നരർ.
നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലഭാവത്തിൽ,
സത്യമാം മിത്രനെ പുല്കാനായ് നോക്കിടും .
എൻചാരെ നീരിൽ നിന്നീടുന്ന പത്മത്തേ,
എന്മുന്നിൽ വന്നിനൻ ചെയ്യുന്നാലിംഗനം .
ആകാശച്ചായമോ ഭൂവർണ്ണമോയില്ലാ,
ആഴിപ്പരപ്പിൻ്റെ നീലിമയില്ലല്ലോ.
മാലോകർ ചിന്തിപ്പൂ, "പീതവർണ്ണമല്ലേ,
‘മഞ്ഞപ്പിത്തബാധ’ ബാധിച്ച രോഗിയാം!"
പൂമണമില്ലേലും പൂന്തേനെടുക്കാനായ്
പൂമ്പാറ്റയെമ്പാടും പാറിപ്പാറിവരും.
ആകാശക്കീറിന്നു ഭേദഭാവമില്ല,
എൻകരമേറ്റുന്നൂ സ്വന്തം കരങ്ങളിൽ.
എൻപാദം ഭൂമാതാ നിത്യം തലോടുന്നു,
‘തൻകുഞ്ഞും പൊന്നെന്ന’ കാകിമാതാവു പോൽ.
കൊന്നപ്പൂക്കൾ വയ്ക്കാൻ ദിവ്യവിഷുദിനേ,
മർത്യലോകം ചുറ്റും ഓടിനടക്കുന്നു,
കൃഷ്ണ ഭഗവാന്റെ വാത്സല്യം കിട്ടുവാൻ
കാർണികാരപ്പൂക്കൾക്കന്നു മഹാഭാഗ്യം.
കർണ്ണികാരപ്പൂക്കളെൻ നിണത്തിൻ ഭാഗം,
പുണ്യവിഷുവിൻ്റെയാത്മാശം തന്നവർ.
ഏതൊരു ശ്രേഷ്ഠനും ക്ഷാമത്തിലെത്തീടാ-
മേതൊരുശ്വാനന്നും കിട്ടാമൊരുദിനം.
Comments
Post a Comment