പ്രതീക്ഷകൾ!
പ്രതീക്ഷകൾ തിറമാകാൻ
ആശയാംക്ഷീരം നുകർന്നു,
കാത്തിരിപ്പൂ പരിണാമം
അറിഞ്ഞീടാൻ ഞാൻ.
ഉണ്ടനേകമായെനിക്ക് ചിന്തകൾ
ചിത്തത്തിനുള്ളിൽ
പണ്ടുതൊട്ടുജോലിഭാരം,
പിണിയാൾ വേണം.
'ഗൈനോയിഡു'* ഗൃഹത്തിലെ
ലക്ഷ്മിയായി വന്നുചേർന്നാൽ ,
എന്തുസുഖം എത്രനേരം വിശ്രമം
ചെയ്യാൻ.
സിറി'പോലലക്സ'പോലെ '
സദാ അവൾ തയ്യാറാകും,
വരവേറ്റു നിറവേറ്റാൻ കല്പനകളേ.
കൃത്രിമങ്ങൾ കാട്ടീടില്ല,
കുബുദ്ധിക്കിടവുമില്ല
കൃത്രിമബുദ്ധിതൻ മേന്മ
അവർണ്ണനീയം.
കർത്തവ്യങ്ങൾ ഒന്നൊന്നായി
ചെയ്തുതീർക്കും മേനിയായി
കാര്യക്രമം ചെയ്തുവയ്ക്കും
കാര്യം ചെയ്യേണ്ടൂ.
ആമാശയയാശങ്കകൾ,
സമാശ്വസിപ്പിക്കുവാനായ്
അമാന്തംകൂടാതെയവൾ
സ്വകർമ്മം തീർക്കും.
മേശയ്ക്കുള്ള മേലുടുപ്പ്
വൈമനസ്യംവിനാ 'റോബോട്ട് '
ആശപോലേ ശുദ്ധമാക്കി
താലം നിരത്തും.
സാധനങ്ങൾ വാങ്ങീടാനും
വാഹനമോടിക്കുവാനും
ആധാരമായിഭവിക്കും
ശ്രദ്ധാസമേതം.
നർമ്മമം സല്ലാപംവേണോ
വൃഥാവിൽ ഭാഷണംവേണോ
നിർദ്ദോഷമായ് കൂടെനിൽക്കും
സംശയം വേണ്ടാ.
പദ്ധതിയായ് ചെയ്തുവച്ച
സംഗതികൾ മാത്രം ചെയ്യും
യുക്തമായ തീർപ്പുണ്ടാക്കാൻ
സാധിയാ ചിരം.
യന്ത്രം നിത്യം പ്രവർത്തിക്കും
ബട്ടൺ ഞെക്കി കൊടുത്തീടിൽ
തന്ത്രമതിൽ മെനഞ്ഞീടാൻ
മാനുഷൻ വേണം.
യന്ത്രത്തിലായ് സ്വതന്ത്രത
കെട്ടിയിട്ടാൽ കിട്ടും ക്ലേശം,
ബന്ധനത്തിൽപ്പെട്ടുപോകും
മോചനം ദൂരെ.
ഒന്നിനോടും വയ്ക്കവേണ്ടാ
അമിതമാം ആസക്തികൾ,
മന്നിൽ വാഴുവോർക്കു
നല്ലൂ സ്വന്തം പ്രയത്നം.
സ്നേഹംവേണോ കിട്ടുകില്ല
നിർമ്മലനിനവുവേണോ
സ്നിഗ്ധമാംഗ*യനുഭൂതി
പൂജ്യാങ്കത്തിലും.
മുഗ്ദ്ധപദ ഭാഷണത്തിൻ
ശ്രവണസുഖവുമില്ല,
മുക്തമാകാം ആഡംബര-
ഭോഗത്തിൽ നിന്ന്.
ഗൈനോയ്ഡ് *- യന്ത്രസ്ത്രീ
(Gynoid-Robot)
ആംഗം*- മനോഹര ശരീരം
Comments
Post a Comment