കുഞ്ഞുകാലം!
(വൃത്തം-കലാപതിപ്രഭ)
എന്നുമെന്റെ കുഞ്ഞുകാലമെത്തി നോക്കിടും
വന്നുനിന്നുകൈപിടിച്ചുവൂയലാട്ടിടും.
എന്റെപൊന്നുമാതവന്നു പഞ്ച്ചിരിപ്പിതാ,
കൊണ്ടുപോയി ഗീതിപാടി ചംബനംതരും.
കാല്യനേരമെന്നുമെന്നുമോമനിക്കുവാൻ
പുഞ്ചിരിസ്സുമങ്ങൾ ചുണ്ടിൽ ശേഖരിച്ചിടും.
കുഞ്ഞുദന്തശ്രേണിയൊക്കെ വൃത്തിയാക്കിടും
കാച്ചിവച്ച പാലെടുത്തു തന്നിടും മുദാ.
താഴെയൊന്നു വീണുവെങ്കിൽ മാതമാനസം,
കീറിടും ഹൃദന്തമൊക്കെയൂറിടും നിണം.
മാറിൽവച്ചുറക്കിടുന്നനേരമെൻ സുഖം,
കിട്ടിടില്ല പട്ടുമെത്തമേലുറങ്ങിയാൽ.
കാലുനോക്കി കൈകൾനോക്കിയങ്കെയാക്കിയും,
വേലചെയ്വതിന്നു മാത സജ്ജമെന്നുമേ.
വാശിയേറ്റിടാതെയമ്മയോമനിപ്പിതാ,
വാലെവാലെ മക്കളെത്തി തല്ലുകൂടിടിൽ.
കുട്ടിയാമെനിക്കുവേണ്ടി ദുഃഖസൗഖ്യവും
കാട്ടിലേക്കെറിഞ്ഞവന്നു ഭോജ്യമേകിടും.
കൂട്ടുകൂടൽ വേറെയെന്റെ കേളിയൊക്കെയും
കേടുവന്നിടാതെയമ്മ നോക്കിടൂ സദാ.
Comments
Post a Comment