വിശ്വരൂപസത്ത!




(വൃത്തം -ഉന്നത)


ഈശ്വരന്റെ സൃഷ്ടിയായി ഭൂമിദേവി പൊങ്ങിവന്നു 

ശാശ്വതമായ് നിൽക്കുമെന്നു,റപ്പു തീരെയില്ലതന്നെ.

നിശ്ചയമായ് ഈവിധത്തിൽ  നിൽക്കുവതിൻ കാരണമോ 

വിശ്വരൂപസത്തയായ മൂല്യവസ്തു സ്നേഹധാര.


മാനവന്നു തുല്യമായോ  അതിന്മേലേയാഭയിലോ,

സ്നേഹരാഗമാലപിപ്പൂ ചരാചര വസ്തു ചുറ്റും.

തിങ്കൾതാര കുടുംബവും  ചക്രവർത്തി വിവസ്വാനും 

തങ്കസ്നേഹം  ചെപ്പിൽവച്ചു  രാപ്പകലിൽ ഹാജർ,ദിവ്യം.


വാനിതിലായ് കാവൽ നിൽപ്പൂ  ഇന്ദ്രായുധം പേറി  മുകിൽ 

വാനത്തിലായ്   ധൂമകേതു  ശത്രുവായാൽ  പോരാടുവാൻ.

വിവസ്വാൻറെ ദയാവായ്പ്പിന്നാശ്രിതരാം  ജീവനുകൾ 

വാരിതൻറെ ഹാർദ്ദമേറ്റു  തീർത്തിടുന്നു  പിപാസയും.


സസ്യജാലം കാട്ടീടുന്നു ഉറ്റസുഹൃത്തിൻ സമമായ്

വശ്യമായ് ഫലവും നീരുമേകിടുന്നൂ ജീവികൾക്കായ്.

സത്യമായൊഴുക്കീടുന്നു സ്നേഹധാരയെള്ളിൻ  ഫലം,

നിസ്തുലസ്നേഹം  സുലഭം  വിത്തുകളിലെണ്ണായായി.


മർത്ത്യൻ നിത്യമുള്ളിലായി  അനുരാഗം  സൂക്ഷിക്കുവാൻ 

കൃത്യമായി ഹൃദ്പ്പേടകം  ചാരുതയായ്  വച്ചിടുന്നു. 

പാർത്തലത്തിൽ വിളങ്ങുന്നു  സർവ്വഹൃദി സ്നേഹധാര,

കർത്തവ്യത്തിൻ  ബോധമെല്ലാം  ജീവിതത്തോടുള്ള പ്രേമം.


ക്ഷോണിതന്റെയിംഗിതത്തെ മാനിച്ചുമുന്നേറിടേണം

ക്ഷീണമേറ്റും വാരിധിതൻ മദ്ധ്യേയായ്  പതിച്ചിടൊല്ലാ.

ക്ഷമാപൂർവ്വമായിനമ്മെ വേണ്ടപോലെ നോക്കിടുന്ന

ക്ക്ഷമയ്ക്കുള്ള  മൈത്രിയിൽ നാം കടപ്പെട്ടിരിക്കവേണം.


മണ്ണും വിണ്ണും സദാ പേറും സന്തുലനം പുഷ്പ്പിക്കട്ടെ.

തിണ്ണം ജീവിതമിവിടായ്  ഘോഷപൂർവ്വമായിടട്ടെ,

വർണ്ണപൂർണ്ണമായിടട്ടെ പ്രപഞ്ചവും സൃഷ്ടികളും,

കൃഷ്ണനുണ്ണി കാത്തിടട്ടെ സർവ്വജീവജാലത്തേയും.

Comments