ചന്ദനഗന്ധക്കവനങ്ങൾ!
ദ്രുതകാകളി!
സുന്ദരതയ്ക്കൊരു പര്യായമായി
ആനന്ദപൂർവ്വം കിടാവുജനിച്ചു,
മന്ദാര പുഷ്പസമാനം വിടർന്നു,
ചാന്ദിനിത്തേജസ്സ് പരന്നുചുറ്റും.
ഓടിനടന്നവൻ വായുസമാനം
പാട്ടുകൾ പാടിമനം കുളിർക്കാൻ,
വൃത്തത്തിൽ നിർമ്മിച്ച കാവ്യങ്ങൾപോലെ,
പത്തരമാറ്റായി പുത്രൻ വിളങ്ങി.
വാസരചക്രമുരുണ്ടുകൊഴിഞ്ഞു,
വന്നൂ വിരുന്നായ്, വേതാളമായ് പനി.
അഞ്ചാംവയസ്സിലാപ്പൂവാംകുരുന്നിന്റെ
പിഞ്ചുശരീരം വസിയ്ക്കാനെടുത്തവൻ.
ആഞ്ഞുകുത്തിയാപ്പിഞ്ചിനെയാ ജ്വരം,
കുഞ്ഞിൻ ചലനവും ചക്രത്തിലായി.
വൃത്തം തെറ്റിയകാവ്യസമാനമായ്,
നിത്യമാപ്പൈതലിൻ ജീവിതപർവ്വം.
പൊന്തിപ്പറന്നുപോയ് കാലം വേഗേന,
പയ്യനിൽ യുവത്വം താവളം തേടി.
പുത്രനാം നന്ദൻ ചലിച്ചതു മെല്ലെ,
പത്തനമ്മൊത്തവും ഗ്ലാനിയിൽ മുങ്ങി.
വായന മാനസേ ലേഹ്യമായ് മാറി,
കായവും വ്യായാമത്തോടൊട്ടിനിന്നു.
ഭാഷയ്ക്കാത്മാവായ വാക്കുകൂട്ടങ്ങൾ
തോഷത്തോടെ വന്നു നർത്തനം ചെയ്തു.
ഉത്തമവാക്യകാവ്യങ്ങൾ മൊട്ടിട്ടു,
ഉത്തുംഗകവനമായ് ഗന്ധം പരത്തി.
ചന്ദനഗന്ധക്കവിതപ്പിറവിയായ്,
നന്ദൻ വൃത്തംകൊണ്ടു തീർത്തു കവചം.
Comments
Post a Comment