വിണ്ണിലേ രാഗങ്ങൾ!








(ദ്രുതകാകളി)


വിണ്ണിലേ രാഗങ്ങൾ മൂകമാണെന്നാൽ, 

മണ്ണിൽനിന്നാലോ മനോഹരദൃശ്യം.

പ്രത്യുഷം തൊട്ടു ദിനാന്തം  വരേയും 

സന്തോഷമേകും തഴക്കങ്ങൾ  ഹൃദ്യം.


സൂര്യകുമാരന്നു   വണ്ണത്തിൽ ജോലി,

നേരത്തിനെല്ലാർക്കും ആഹാരം വേണം.

ഭൂമിച്ചേച്ചിയ്ക്കുള്ള  ഭോജന ദ്രവ്യം,

സാമാന്യമായി ചൂടാക്കും സ്വാദേറ്റാൻ.


കാല്യം മുതലേ തോഷത്തിൽ ചെയ്‌വൂ ,   

ജോലികളെല്ലാമേ  നല്ലാക്രമത്തിൽ. 

കാര്യമായുള്ള  പരിശ്രമം  തീർത്താൽ,

സൂര്യയ്ക്കു   പോയിടാം  വന്ദനംചൊല്ലി.


നേരേ  വരുംരാവു  ധാത്രിയ്ക്കുകൂട്ടായ്,

പാരിനെ തമസ്സിൻ   കൈയിലായേകും.

വാർമുകിൽ നെയ്ത കരിമ്പടം വാനിൽ  

കീറീമുറിച്ചുവോ    ചേറിയങ്ങിട്ടോ ?


കെട്ടഴിഞ്ഞുവീണോ   പുതപ്പിൻറെ  ഭാണ്ഡം ? 

കെട്ടുപൊട്ടിച്ചോ കുറുമ്പനാം കാറ്റ് ?  

ചൂട്ടേന്തി വന്നു   തമസ്സിലായ്  ചന്ദ്രൻ     

വെട്ടംതരുവാൻ  തെളിച്ചവൻ ജ്യോതി.


കുട്ടികൾ,  താരങ്ങൾ  ചുറ്റിലും നിന്നു 

വജ്രചന്തത്തിലായ്  പാവാടയിട്ട്.

പിഞ്ചു താരങ്ങൾ പിതാവിനേ  ചുറ്റി   

കൊഞ്ചിക്കുഴഞ്ഞങ്ങു നർത്തനം ചെയ്തു.


ഗർവ്വിൽ   സമീരൻ  പറന്നങ്ങു  പോയി,

പർവ്വതശ്രേഷ്‌ഠനേ വെല്ലാനായെത്തീ.   

ദുർബ്ബലൻ ഗ്രാവം! മരുത്തിനു പുച്ഛം,

പർവ്വതം  തടഞ്ഞു വായുവേ മെല്ലേ.


 വാതമാം  കരുത്തനു  ദുഃഖം വന്നു,  

കാതരനായ് നിന്നു    കണ്ണുനീർ  തൂവീ.

വമ്പുള്ളഗ്രാവം കടക്കുവാൻ  വയ്യാ,

'ഞാനെന്ന' ഭാവവും   മറഞ്ഞേ പോയി.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!