സഹ്യന്റെ ആത്മാവ്!
വൃത്തം - കേക
പശ്ചിമ മഹീന്ദ്രത്തിൻ
*വിഗ്രഹം ബഹുകേമം,
സഞ്ജാതനായിതല്ലോ
കേരമാം ആലയത്തിൽ.
സഞ്ചാരം ചെയ്തീടുന്നു
പശ്ചിമഖണ്ഡം താണ്ടി,
സഞ്ചരണംതീരുന്നു
ദ്വാരകാപുരിദേശേ.
സഞ്ചയമായി നിൽക്കും
സഹ്യാദ്രിനിരകളും
സഞ്ചാലം ചെയ്തുനിൽക്കും
പാദപവൃന്ദങ്ങളും
മഞ്ജരിത്തിളക്കത്തിൽ
പവിഴമല്ലിപ്പൂവും,
മഞ്ജിമ തൂവീടുന്നു
സുഗന്ധസൂനമൊപ്പം.
മാമരം സുമങ്ങളും
മൃഗങ്ങൾ ഖഗങ്ങളും
മാമേരുസഹ്യന്നുടെ
സത്തല്ലോ ഭാരതത്തിൽ.
കാറ്റിൻ വരവങ്ങനെ
താളത്തിൽ ചരിഞ്ഞാടി
ചാറ്റൽമഴയും കൂടും
സംഗീതമ്പൊഴിച്ചീടും.
അദ്രിതൻ മാറിൽക്കേറി
മേയുന്ന നരഭ്രാന്തർ
വിദ്രോഹം കാട്ടീടുന്നു
ശങ്കതെല്ലുമേയില്ല.
വിദ്രോഹിയ്ക്കുണ്ടു ലക്ഷ്യം
കുന്നോളംധനം മാത്രം
*വിദ്രുമത്തോടുകൂടി
വെട്ടിമാറ്റും വിടപി.
പശ്ചിമ തീരത്തൂടെ-
യൊഴുകും മിഴി,നീരാൽ
പദ്മിനീകാന്തൻപോലും
ഉദയം മറന്നുപോയ്.
പശ്ചിമദിക്കിന്നുള്ളം
വേവുന്നു നൊമ്പരത്താൽ
പഞ്ചത്വം ശിഖരിക്കു
നൽകല്ലേ മനുജാ! നീ.
മാധവഗാഡ്ഗിലിന്റേം
കസ്തൂരിരംഗനുടേം
സാധനചെയ്തുനെയ്ത
പ്രസ്താവം തള്ളീ നരൻ.
നിന്നുടെയാലയങ്ങൾ
പ്രളയത്തിന്നൂണാകും
നിന്നുടെയാത്മജരും
ഗ്രാവവും *അഹംവിടും.
നാളെയായ് വരുവോർക്കു
ജീവിതസുഖംവേണം,
പാളിച്ചയേറ്റീടൊല്ലേ
ചെയ്യേണ്ടകർമ്മങ്ങളിൽ.
*അഗത്തിന്നാത്മാവല്ലേ
പ്രകൃതിവിഭവങ്ങൾ,
*നഗത്തെ കാത്തീടേണം
ദിവ്യമാംഭാവപൂർവ്വം.
വിഗ്രഹം =ശരീരം
വിദ്രുമം =കൂമ്പ്, മുള
അഹം =ആത്മാവ്
അഗം, നഗം=പർവ്വതം
Comments
Post a Comment