കാവ്യാനുകൂലം!
ഉപജാതി
(ഇന്ദ്രവജ്ര,ഇദ്രവംശ)
തംതംത തംതംത തതം തതംതം(ഇന്ദ്രവജ്ര)
തംതംത തംതംത തതം ത തംതതം(ഇദ്രവംശ)
കാവ്യംസമം സുന്ദരദൃശ്യമെല്ലാം,
കാവ്യാനുകൂലം, കവികൾക്കു തോന്നിടും.
കാലിൻ ദ്വയം മെല്ലെ ചലിച്ചിടുമ്പോൾ,
കാല്യേ തുടങ്ങീടുമവർക്കു ചിന്തകൾ.
കണ്ണുകളാകാശതലങ്ങൾ തേടും
കാണും പ്രഭാതം നലമോഹനം മുദാ.
കാർപ്പണ്യദോഷങ്ങളോഴിഞ്ഞു പോകും
കല്യത്തിൽ ദൃശ്യങ്ങളിൽ മുങ്ങി നിന്നിടും.
കിങ്ങിണിപോൽ നൽച്ചുരുളായ് *പലാശം,
കേശം സമാനം, വിടപിക്കു ഭംഗിയായ്.
കൗമാരഭാവങ്ങൾ വഹിപ്പു സസ്യം,
കേമം സുകാവ്യം കവികൾക്കു സ്പന്ദനം.
കാറ്റിൻ മനഃസും തുടരേ തുടുക്കും
കപോലവും ശോണനിറം ധരിച്ചിടും.
കാർമേഘയോഘങ്ങൾ ധനുസ്സു നന്നായ്
കാത്തീടുവാനായ് നികടത്തിലെത്തിടും.
കുന്നിന്റെയഗ്രത്തിലൊളിച്ച സൂര്യൻ
കാർകൂന്തൽ തിങ്ങുന്ന മരത്തെ വിട്ടുപോം.
കാർത്തുമ്പിയെന്തേ വരുവാൻ മടിച്ചോ?
കാട്ടിലെവെള്ളത്തിൽ മറിഞ്ഞു കേളിയോ?
കാറും മരുത്വാന്റെ ധനുസ്സുമൊക്കേ,
*കൈമായകേളിക്കു കളം മനഞ്ഞിടും.
*കാശം പ്രപഞ്ചത്തിനു ദേവദത്തം
കാവ്യം ചമയ്ക്കാം കവികൾക്കുമോഹനം.
പലാശം= ഇലകൾ
കൈമായം=ഇന്ദ്രജാലം
കാശം =ശോഭ
കാർപ്പണ്യം=ദൈന്യം, മാനസികമായ ഇടിവ്, ദൗർബല്യം
Comments
Post a Comment