രാമായണശീലുകൾ!
(മഞ്ജരി)
പുസ്തകലോകത്തിൽ മാഹാത്മ്യം പേറിടു-
മുത്തമശ്രേണിയിൽ രാമായണം.
രാമദീപം നമ്മളുള്ളിൽ കൊളുത്തേണം,
സാമോദം ജീവനം ചെയ്തീടുവാൻ.
രാമായണത്തിന്റെ ശീലുകൾ കേട്ടീടി-
ലാമയം മാനസേ നില്ക്കുകില്ലാ.
പാമരർ, പാണ്ഡിത്യമേറേ പേറീടുവോർ
ആമഹാതീർത്ഥത്തിൽ മുങ്ങിടുന്നു.
മുത്തും മാണിക്യവുമൊത്തുചേരും മേളം
സത്തുള്ളയാഴത്തിൽ ചിത്തമൃതായ്.
ഒത്തുപോം മാനവജീവിതത്തിൻകൂടെ-
യൊത്തിരിജ്ഞാനം പകർന്നുനൽകും.
മാനവമാനസഗർത്തത്തിന്നുള്ളിലായ്
മാനംമുട്ടെമോഹം പൊന്തിവരും.
സാനന്ദം മോഹത്തെ കൈയ്യാമംവയ്ക്കുവാൻ
മൗനമായ് മുങ്ങാമീ പുസ്തകത്തിൽ.
തേനൂറും രാമന്റെ ഗീതകളുള്ളത്തിൽ
താനേ ചികിത്സിക്കും ഭേഷജമായ്.
എന്തൊരുന്മേഷമാണീരടിയൊക്കെയും
സാന്ദ്രമായ് മാനസേ തങ്ങിടുന്നു.
രാമൻ സഹോദരർ വൈദേഹിയെൻപ്രിയർ,
രാപ്പകൽ ചിത്തത്തിൽ വാസം ചെയ്വൂ.
വജ്രവും തോൽക്കുന്നു രാമാ! നിൻ പൊൻരൂപം
ഉജ്ജ്വലം ഭാരതത്തിൽ ജ്വലിപ്പൂ.
എന്നിലേ താടകാ,സുബാഹു,മാരീചർ
എന്നിവരേ നീ തുറുങ്കിലാക്കൂ.
നിൻപാദപൂജ ഞാനന്തരേ ചെയ്തിടാം
മന്മനം തേടുന്നൂ മോക്ഷം സദാ.
നാംതന്നെ ചിന്തിച്ചു നിർണ്ണയിച്ചീടണം
ഹന്ത! രാമായണ മൂല്യവശം.
സൗമ്യനാം രാഘവൻ ശുദ്ധമാക്കും മനം
രാമായണത്തേ നാം പുൽകിനിന്നാൽ.
Comments
Post a Comment