ഒരു ഗോവിൻ വിലാപം!

 

(ഉപമഞ്ജരി)

 

 എന്തു കാര്യം മർത്ത്യാ! നീ ചെയ്യുന്നു?

 എന്തേ കുരുക്കെൻ കഴുത്തിലിട്ടു ?

എന്റേതാം സ്വാതന്ത്ര്യം നൽകിനോക്കൂ,

എന്നുടെ ലോകം ഞാൻ കണ്ടിടട്ടെ.

 

 കുഞ്ഞിലേ അമ്മയിൽ നിന്നുമാറ്റി,

കുട്ടിക്കാലം തീരെ കിട്ടിയില്ല.

കണ്ഠത്തിൽ വല്ലാത്ത പാശംകെട്ടി,

കഷ്ടപ്പെടുത്തി വളർത്തിടുന്നു.

 

 പാദപം കേളിക്കായി വിളിപ്പൂ,

പറ്റില്ല പോകുവാൻ കെട്ടിയിട്ടാൽ.

പക്ഷിക്കൂട്ടവുമായ് സല്ലപിക്കാൻ 

പിച്ചവെച്ചുവരും കാറ്റുമുണ്ടാം.

 

 പച്ചപ്പുൽമൈതാനം കാത്തുപോറ്റും 

പച്ചച്ചെടികളും പുഷ്പങ്ങളും 

മോദപൂർവ്വം വിളിക്കുന്നിതെന്നെ 

സ്വാദോടിലകൾ ഞാൻ ഭക്ഷിക്കട്ടേ 

 

 ഗോവായ് പിറന്നതെൻ കുറ്റമാണോ?

 ഗോവിന്ദനു പ്രിയരല്ലേ ഞങ്ങൾ?

 ഗോക്കളാം ഞങ്ങൾക്കും മോഹമുണ്ടേ 

ഗോളത്തിൻ സൗന്ദര്യമാസ്വദിക്കാൻ.

 

 നിങ്ങളോ ഞങ്ങളേ പോറ്റുന്നുപോൽ!

നിങ്ങളെൻ ദുഗ്ദ്ധമിന്നൂറ്റുന്നില്ലേ?

നാളുകൾ പോകവേ പാലു വറ്റും,

നാൽക്കാലി പാവം! ആഹാരമാകും.

 

 മാനുഷർ രാക്ഷസരെ ജയിക്കും 

മാനത്തിൻ പ്രാധാന്യം നിങ്ങൾക്കില്ലാ.

മാനത്തെ താരത്തേം വിൽക്കും നിങ്ങൾ,

 മാനസം സമ്പത്തിൻ ബന്ധുവായാൽ

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!