ഞാനാരാണ്?
(കാകളി)
ഞാനൊരു സഞ്ചാരി, പോകുമെല്ലാടവും,
ഞാനാര് ചൊല്ലുമോ നിങ്ങളാരെങ്കിലും?
എന്നാണു ജനനം എന്നുവരും മൃത്യു?
എന്നും ഹനുമാൻപോൽ നിത്യഹരിതമോ?
എന്താണു ഞാൻ ചെയ്തുകൂട്ടുന്നതൊക്കെയും?
എന്നെങ്കിലുമൊന്നു ഗോചരമാകുമോ?
ഞാൻ നിങ്ങൾ സമാനം ബ്രഹ്മാണ്ഡ സൃഷ്ടിയായ്,
ഞാൻ വസിച്ചീടുന്നു സർവ്വ സ്ഥലത്തുമായ്.
കാണുന്നകാട്ടിലും മേട്ടിലുമുണ്ടു ഞാൻ,
കായൽക്കയങ്ങളിൽ നീന്തിത്തുടിക്കുന്നു.
കണ്ടകുളങ്ങളിൽ മുങ്ങാങ്കുഴിയിട്ടും
കാറ്റിലും നീറ്റിലും പന്തയംകൂടുന്നു.
അഗ്നി ഞാൻ കാണുന്നു, ആവി, വരൾച്ചയും
അറ്റുപോയീടുന്ന ജീവനും ശോകവും.
കുണ്ടുകൾ, കുന്നുകൾ താണ്ടുന്നു മെല്ലെ ഞാൻ,
കൂടു,മാറ്റിൻതീര ശൈശവകേളിയിൽ.
പക്ഷിമൃഗാദികൾ മിത്രങ്ങളായ് വരും,
പക്ഷംപിടിച്ചു ഞാൻ പാറുന്നവരൊപ്പം.
പർവ്വതതുല്യമായ് പ്രാരബ്ധമേറ്റി ഞാൻ
പൂർവ്വസമാനമെൻ യാത്ര ചെയ്തീടുന്നൂ.
മോഷണം, താഡനം,ശാന്തി, നാശങ്ങളും
ദൂഷണപർവ്വവും വേദിപങ്കിടുന്നൂ.
നാക്കു ഛർദ്ദിച്ചിടും വാക്കിന്റെ സായകം
നോക്കിയാൽ കണ്ടിടാം, ഹൃത്തു തുളയ്ക്കുന്നു.
കുഞ്ഞുങ്ങൾ, വൃദ്ധരും ഭിന്നശേഷിയുള്ളോർ
ക്രൂരമാം പീഡനഭക്ഷണമാണവർ.
ഹത്യ വിജയത്തിൻ ഭേരി കൊട്ടീടുന്നു.
ഹൃത്തുകൾ വിങ്ങുന്നു,നേത്രങ്ങൾ ചോപ്പായി.
മിന്നൽസമാനം ക്ഷണികം നിൻ ജീവിതം
വന്ഹിക്കു ഭക്ഷമാക്കൂ മർത്യ! വഞ്ചന.
ഞാനെന്ന യാത്രികൻ പ്രയാണം ചെയ്തിടും
ഞാൻ കാലചക്രം, ഭയമെന്നെ കാലനും.
Comments
Post a Comment