മനോജ്ഞമാം കാഴ്ച!



(വൃത്തം-ദ്രുതകാകളി)


മണ്ണിലായ് നിൽക്കുന്നു  ഞാനെന്നുതോന്നും

വിണ്ണിലായ് നിൽക്കുന്ന നീയെന്നെ കണ്ടാൽ.

മൻമനോപീഠത്തിൽ നിന്നെ ഞാൻ വയ്പ്പൂ.

സ്നേഹിക്കും ഞാൻ നിന്നെ പ്രാണൻപോൽ ചിരം.


പക്ഷങ്ങളേറുമെൻ  സ്വപ്നത്തിൻ വർണ്ണം

പുഷ്കരേ  കോറുന്നു  നിൻ ദിവ്യചിത്രം. 

എന്നുടെ മാനസേ നിന്നുടെ രൂപം, 

നന്മകാട്ടാൻ മിന്നും, വെള്ളിക്കുതുല്യം.


കണ്ണിണ വക്രിച്ചു കീഴേയ്ക്കായ് നോക്കി,

വിണ്ണിന്റെ ഗോപുരേ ചേലിൽ നീ നില്പൂ.

ഓരോരോ വാസരേ  കാണുമ്പോഴെല്ലാം

കാരുണ്യമോടെ നീ നോക്കുമെന്നോർത്തു.


നെൽക്കതിർ, മന്ദമാം വായു, സലിലം,

കല്പവൃക്ഷം, തണൽ, നാളികേരക്കൂട്ടം,

പൊൻലത, താരും, തളിരും  മനോജ്ഞം,

നിന്നെ തോഷിപ്പിക്കാൻ വയ്‌പ്പൂ കാഴ്ചയ്ക്കായ്.


നിൻഹൃത്തിൽ തങ്ങില്ലേ എന്നുടെ ഭംഗി?

 എന്റെ  താരുണ്യം മയക്കില്ലേ നിന്നെ?

എന്മനോ ശുദ്ധി നീ കാണില്ലേ തെല്ലും

ഞാൻ  നിന്നിൽ വിശ്വാസം വയ്ക്കുന്നു മോദാൽ.


കാതുകൂർപ്പിച്ചു നീ കേൾക്കൂയെൻ  വാർത്ത,

നീ വരേണം താഴേക്കെന്നെനിക്കിച്ഛ.

സപ്തവർണ്ണഭൂഷ കേശത്തിൽ ചൂടി.

പാതകൾ നോക്കി നീ പോരാമോ മെല്ലെ? 


കാമിക്കാനെന്നെയൊരാൾക്കുണ്ടു മോഹം, 

കാമിനിയാക്കാൻ കൊതിക്കുന്ന മിത്രൻ. 

ഭൂമി ഞാൻ, ആളുകൾ നൽകിയ നാമം. 

ഹിമാംശു! നീയാണെന്നുള്ളത്തിലെന്നാൽ.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!