കൈരളിപ്പെണ്ണിന്നേഴഴക്!
(വൃത്തം-മഞ്ജരി)
കൊയ്ത്തുകാലം വന്നു മുട്ടി വാതുക്കലായ്
കണ്ണുതിരുമ്മീയുണർന്നു ചിങ്ങം.
മാരിതൻ നൃത്തവും കൊട്ടും മേളവുമായ്
മണ്ണിന്റെ വേദിയിൽ ഘോഷമായീ.
പൊൻകതിർകേശത്തിൽ ചൂടിനെൽച്ചെടികൾ
പൊന്നാം ഭൂമാതയ്ക്കേകുന്നു മോദം.
ചാഞ്ചാടി ശാഖികൾ കാന്താരവീട്ടിലായ്,
പുഞ്ചവയലും പുളകം കൊണ്ടൂ.
ആമയം മാറ്റാനായ് കാറ്റാം കുമാരനും
താമസം കാട്ടാതെ കൂട്ടുചേർന്നു.
രാ തുറന്നൂ നേത്രം ശശാങ്കനുണർന്നൂ,
രാപക്ഷി,രാപ്പൂക്കൾ സുപ്തിയിലായ്.
കർമ്മംപൂർത്തിയാക്കി ചന്ദ്രതാരകങ്ങൾ
ആര്യമാവിന്നായ്ക്കളമൊഴിഞ്ഞൂ.
ചിത്രഭാനു പൂർവ്വേ യെത്തിചിരിയോടേ
മൊത്തം വിളമ്പി സർവ്വർക്കുമൂർജ്ജം.
കൊയ്തുപാട്ടിൻസ്വന്തം ഈരടിരാഗങ്ങൾ
പെയ്തിറങ്ങീ പാടഗാത്രങ്ങളിൽ
അങ്കണം താലങ്ങൾ പേറിവരിനിന്നു
പൊൻകറ്റക്കൂട്ടത്തെ സ്വീകരിക്കാൻ.
നെന്മണികൾ തേടി വാസഗൃഹമായ
പൊന്നറ, നാലുകെട്ടിന്നകത്തായ്.
ആലയ മുറ്റത്തെ പൂക്കളഭൂഷണം
ചാലിച്ചുചാർത്തി ചാരുതയേറെ.
കൈരളിപ്പെണ്ണിൻറെ കസ്തൂരിക്കൺമഷി
കണ്ണുകൾക്കേകിയതേഴഴകായ്.
കാത്തുകാത്തിരുന്നു മാവേലിമന്നനെ,
കാലേക്കൂട്ടിത്തന്നെയാനയിക്കാൻ.
ഇന്നിൻറെ സർവ്വ കാര്യങ്ങൾ തലകുത്തി
പുന്നെല്ലുതൻ തൽപ്പം സ്വർഗ്ഗം പൂകി.
കോൺക്രീറ്റിൻ സൗധം വിഴുങ്ങീ നെല്ലിൻ വയൽ
കണ്ടുകിട്ടാനില്ല നെൽച്ചെടികൾ.
താരും തളിരും കുളിരും മുറതെറ്റി
മർത്യരോ ഗോളവലതൻ ഭൃത്യർ.
ഓണം കാണാൻ വേണ്ടി മാവേലിമന്നനും
ഫോണൊന്നുവാങ്ങി കൂടെ ടി.വി.യും.
മന്നനും ലോകരും ടി.വി.ക്കു മുന്നിലായ്,
ഉണ്ണാതുറങ്ങാതെ കാണുന്നോണം.
ഓണാഘോഷമേളതാളലയം വീണ്ടു-
മാഗതമാകുമോ കേരമണ്ണിൽ?
Comments
Post a Comment