ഓർമ്മതൻ നിഴൽ!
(ശ്ളഥകാകളി)
ദുഃഖത്തെ സന്തതം കൂടെപ്പാർപ്പിച്ചവൾ,
വക്ത്രത്തിൽ പുഞ്ചിരി ചാലിച്ചുകാട്ടുന്നൂ.
പഞ്ചമന്ത്രത്തിൻ വരം നല്കീ മാമുനി
പൂമ്പാറ്റതൻതുല്യം പാറീ ശൂരസേനി.
“ഒന്നു പരീക്ഷിക്കാം ദുർവാസാവിൻ മന്ത്രം,”
ഇന്നുതന്നെയെന്നു ചിന്തിച്ചൂ കുന്തിയും.
സപ്താശ്വപുണ്യരഥത്തിലെത്തീ ഭാസ്വാൻ
ശക്തം പ്രശ്നത്തിലായ് പെട്ടുപോയി പൃഥ.
കൗമാരപ്രായത്തിൽ ഓർത്തില്ല ദുർഘടം
കന്യക കുട്ടിത്തപ്രായത്തിൽ മാതാവായ്.
കർണ്ണന്റെ പ്രസുവായ്ത്തീർന്നു കുന്തീദേവി
കീർത്തിയാ അംഗന എങ്ങനെ കാത്തീടും? ഗന്തം മാനമ്മൂടി, പെയ്യാൻ തയ്യാറായി, “എന്തേലുമന്തിയിൽ ചെയ്യാമെന്നുതോഴി”.
അന്തിമലരി വിരിഞ്ഞുനിന്നീടുമ്പോൾ,
കുന്തിതന്നാളി തയ്യാറാക്കീ പേടകം.
പെട്ടിയിൽ നൽസ്നിഗ്ദ്ധം തൽപ്പമൊന്നൊരുങ്ങി
പെട്ടന്നൊഴുക്കീയാപ്പൈതലേ, ആറ്റിലായ്.
തുള്ളീടും വെള്ളനീർ ഏറ്റുവാങ്ങീപെട്ടി
ഓളങ്ങൾ ചാഞ്ചാടി, പാടീ താരാട്ടുകൾ.
മാതാവിൻവാത്സല്യം ധാരപോലൊഴുകീ,
മാതൃ നേത്രങ്ങളിൽ നീരൊഴുക്കായ് വേഗം.
മാതാവിൽ, പുത്രൻതൻ വേർപാടിൻ ശോകം
ഉത്കണ്ഠയേറ്റീട്ടോ പാർപ്പങ്ങു കൂടെയായ്.
സുപ്തിയിൽ, ഊണിലും തൻകുഞ്ഞിൻവിച്ഛേദം,
കുന്തിതന്നുള്ളത്തിൽ നൊമ്പരം നിറച്ചൂ.
ആരോടും ചൊല്ലുവാൻ പറ്റാത്തകാര്യങ്ങൾ,
ഓർമ്മതൻ നിഴലായ് നിത്യം പുൽകീ പ്രിഥേ.
ചിന്തിക്കേണം പാദം മുന്നിലായ് വയ്ക്കുമ്പോൾ
അന്തമില്ലാച്ചതിയിൽ നമ്മൾ പെട്ടീടാം.
ചന്തംകണ്ടങ്ങു മയങ്ങൊല്ലാ ആരോരും,
ചന്ദ്രനാകില്ല തിളങ്ങും വസ്തുവെല്ലാം.
Comments
Post a Comment