കോരന്റെ ചര്യ!
പത്മകാന്തനെഴുന്നള്ളീ പൂർവ്വേയായ്,
പത്മം പങ്കത്തിൽ ഹാസംതൂകീ നിന്നൂ.
പക്ഷിക്കൂട്ടമുണർത്തുഗീതം പാടി,
ഇഷ്ടഭൂപാളമാലാപനം ചെയ്തു.
താളം കൊട്ടുന്നു കൊക്കുകൾ ചേർത്തവർ
മേളവാദ്യം ഹാ!ശാഖിതൻ ശാഖമേൽ.
കോരൻ പെട്ടെന്നു കീറപ്പായ വിട്ടൂ
ചര്യതീർക്കാനായ് രാജിതമാംശ്രമം.
കാല്യംതൊട്ടവൻ മണ്ണിലന്തീവരെ,
ബാല്യംതൊട്ടവൻ ചെയ്തു പരിശ്രമം.
ശൂന്യം മൺചട്ടിയ്ക്കുള്ളോരാമാശയം
ന്യൂനം മക്കൾക്കു ഭക്ഷിപ്പാനന്നവും.
നാടിൻ മൃത്തിക കോരനു താവളം
വീടിൻ ശോചനം കൂടെപ്പിറപ്പുപോൽ.
മണ്ണേകീടുന്ന പൊന്നിൻ വിളയ്ക്കെല്ലാം
മണ്ണിൻ ജന്മികൾ മാറുന്നൂ ജന്മിയായ്.
കോരൻ ശോണിതമാവിയാക്കീടിലും
‘കോരാ! നിൻകഞ്ഞി കുമ്പിളിൽത്തന്നല്ലോ!
കാലമിന്നെല്ലാം പിന്നേയും കെട്ടുപോയ്,
കാലനായ്ത്തീർന്നു രാഷ്ട്രീയക്കോമരം.
സ്വന്തചിന്ത ഭരിക്കുന്നു ചുറ്റിലും
സ്വത്വം മാനിക്കില്ലാ ഭരിക്കുന്നവർ.
എന്തുമേതും ചെയ്യാം ലോകക്രമത്തിൽ,
സത്യമാക്കുവാൻ ലോകവ്യാപാരങ്ങൾ.
നാമായീടൊല്ലാ നോക്കുകുത്തീസമം,
നന്മകൊഴിഞ്ഞ കള്ളമറുത്തിടാം.
ഉണ്മയാൽ ശുദ്ധമാകട്ടേ പാരിടം,
പൊൻവിളക്കു കൊളിത്തിടാം പാർത്തലേ.
മൃത്തിക-മണ്ണ്
Comments
Post a Comment