ഗുരുശിഷ്യബന്ധം!

ഗുരുശിഷ്യബന്ധം!



(ഉന്നത)



ഗുരുശിഷ്യബന്ധത്തിന്റെ

          പവിത്രതയറിഞ്ഞീടാൻ 

പൗരാണികകാലത്തേക്കു

            ചെയ്യാം യാത്ര രമ്യമായി.


ധരിത്രിതൻ പവിത്രമാ-

         മാരണ്യത്തിന്നുദ്യാനത്തിൽ

രമണീയമായിനില്പൂ 

         വിടപങ്ങൾ    നിരവധി.


സാലങ്ങൾതൻ സംഘത്തിലായ് 

        ഉയർന്നു നില്ക്കുന്നവൃക്ഷം,

ആലോലമാടി രസിപ്പൂ

         കുട്ടാളികൾ  കൂടെ ചേർന്നു.


കാന്താരത്തിൻ പേരാൽച്ചോട്ടിൽ  

           ചൈതന്യമോലും പ്രതിമ,

ദ്രോണാചാര്യഗുരുതന്റെ 

           ദേവതുല്യമൊരുമൂർത്തി.


വേടനാകും ശിഷ്യൻ തന്റെ 

           ഗുരുവിന്റെ വശ്യമൂർത്തി,

അടവിതന്നിൽ സ്ഥാപിച്ചു 

          ദേവതുല്യം മഹോന്നതം.


ധന്യമായി കൂപ്പിനില്പൂ 

         ശിഷ്യനായീ ഏകലവ്യൻ,

മൂകമായി മൂർത്തിസാക്ഷി  

           വിദ്യകൾ സ്വയം പഠിച്ചൂ.


അവർണ്ണനാമേകലവ്യൻ

           വിദ്യയ്ക്ക,ധികാരിയല്ല,

 അഭ്യാസകലകളെല്ലാം 

      സ്വയം ചെയ്തു ശിക്ഷിതനായ്.

മെയ്യുകൊണ്ടും മനംകൊണ്ടും

         ശിഷ്യൻ പഠിച്ചടവുകൾ, 

ആയുധവിദ്യയിലവൻ 

         കേമൻപട്ടം നേടീ മെല്ലേ.     


ഗുരു, ശിഷ്യരാം വരേണ്യർ

        വനംതന്നിലാഗമിച്ചു,

ഗുരുവിന്റെ  ദൃശ്യം പെയ്തു 

           പുളകങ്ങളവന്നുള്ളിൽ.

ദക്ഷിണസമർപ്പിക്കാനായ്

         ഗുരുവെ വന്ദിച്ചൂ ദിവ്യം,

ദ്രോണരുടെ വചനത്താൽ

      പെരുവിരൽ കാഴ്ചവച്ചു.


ദ്രോണരെന്തേയതു കാട്ടി,

        സ്പർദ്ധയോ പക്ഷപാതമോ?

ഭാവി ദ്രോണർ കണ്ടിട്ടുണ്ടാം, 

            അബദ്ധം ചെയ്തിടാം വേടൻ.

ലോകത്തിന്നു രക്ഷയേകും 

          ഗുരുക്കൾ ചിന്തിക്കും കാര്യം,

പാകമായ സംവിധാനം

        മഹാന്മാരങ്ങൊരുക്കീടും.


 ഗുരുശിഷ്യബന്ധത്തിന്റെ

       നിർമ്മലമാം മാതൃകകൾ 

ഭാരതധാത്രിതന്നങ്കേ 

         പുണ്യമായി  ശയിക്കുന്നു.

ഗുരുഭൂതപാദത്തിങ്കൽ  

          കൈകൾകൂപ്പി നമിച്ചിടാം,

വരദാനം നേടീടുവാൻ 

           പ്രാർത്ഥനകൾ ചെയ്യാം ചിരം.






Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!