സദിരുകൾ പുലരിയിൽ!
(വൃത്തം-ന്യൂനതരംഗിണി)
പുലരിയിലെത്തും കിളിയുടെ ജാലം
മലകൾ തേടിപ്പോകുന്നൂ.
കുയിലുകൾ രാഗം മോദാൽ പാടി,
ഉയരേ കേൾക്കാം സദിരുകളും.
മയിലും മലയുടെ ചോട്ടിൽ നില്പൂ
മഴയിൽ നൃത്തം ചെയ്തീടാൻ.
മലരുമ്മലരുകൾ ചുറ്റും നോക്കി,
ശലഭഗണത്തെ വിളിക്കാനായ്.
ചിറകിൽ വർണ്ണം കൊത്തീ ശലഭം,
ചാർച്ചയിലാകാൻ പുഷ്പവുമായ്.
തേനുണ്ണാനായെത്തും വണ്ടിനു
തേൻ നീട്ടുന്നു തെച്ചിപ്പൂ.
പൊയ്കയിൽ മുങ്ങിത്തോർത്തീ പത്മം
പട്ടുടയാടയിൽ സുന്ദരിയായ്.
പാൽപ്പുഞ്ചിരിയും ചൂടീ പകലോൻ,
പുണർന്നുനിന്നൂ താമരയേ.
ഉഷസ്സിൽ ചാരുത സീമാതീതം
വിഷമം നമ്മുടെ തീർത്തീടും.
പ്രകൃതി നമുക്കങ്ങേറ്റം ബന്ധൂ,
പ്രാണിയെ കാക്കും സൂക്ഷ്മമതായ്.
Comments
Post a Comment