മാമക ജീവിതമാർഗ്ഗദർശി!



(മഞ്ജരി)


മാമക  ജീവിത മാർഗ്ഗദർശിയായി 

സാമോദം  നിൽക്കുന്നു  പുണ്യഗ്രന്ഥം.

ചാമീകരംപോലെ മിന്നുന്നു  ചിത്തത്തിൽ   

താമര പുഷ്പിക്കും ഭാഗവതം. 


 രണ്ടുപത്തുംനാലും ശ്രീഗുരുനാഥരാം 

മന്നിടം, മാരുതൻ, വഹ്നി, വാരീ,

 എന്നിവരുമീച്ച, ആന, അനേകരും 

മിന്നിത്തിളങ്ങുന്നപാഠങ്ങൾതാൻ. 


ആഴത്തിലുള്ളോരും  വാസരും  മേലാപ്പിൻ, 

ആധിമാറ്റീടും   ഗുരുക്കളല്ലോ.

ആയിരമായിരം കാഴ്ചതൻ വസ്തുക്കൾ,

ആഗോളമർത്ത്യർക്കു  നല്ലപാഠം.


ഓരോന്നിലും വയ്ക്കൂ കാതും കണ്ണും മൂക്കും 

പാരം ഗേഹം പുതപ്പിക്കും ത്വക്കും,

ബന്ധമുറപ്പിക്കും പൊട്ടിത്തെറിപ്പിക്കും 

സ്വന്തംനാവാലും ലഭിക്കും  പാത. 


സർവ്വപാർശ്വത്തിലും മൊത്തംജഗത്തിലും 

സർവാത്മനാ കാണാം   മാതൃകകൾ.

ആത്മാവിൻ ഭൃത്യനാം സന്മനസ്സും സദാ,  

തന്മയമായ് ചൂണ്ടും സത്യവഴി. 


ചോദന തെറ്റുകൾ ചെയ്യുവാൻ ചൊല്ലിടും 

ചേതന പെട്ടെന്നു വന്നുണർത്തും. 

ചിന്തകൾ  തന്നല്ലോ നല്ലൊരദ്ധ്യാപകൻ,

 ചന്തത്തിൽ സീമവരച്ചിടുവാൻ.     


മാതാപിതാക്കളും  വിദ്യാ ഗുരുക്കളും,

നീതിവാക്യാമൃതം  വർഷിച്ചീടും.

ചിത്തത്തിൽ പാടവമാലേയം പൂശുന്ന 

ഉത്തമകൃത്യം ഗുരുവിൻ ലീലാ. 


നന്ദൻ വസിക്കുമദ്ധ്യാപകവൃത്തിയിൽ,

വന്ദിപ്പാം  സാദരം ശ്രേഷ്ഠന്മാരേ.

അഷ്ടാദശപ്പുരാണങ്ങളേകും പുണ്യം,

വിഷ്ടപപന്ഥാവു  കാട്ടും നമ്മേ. 


Comments