Posts

Showing posts from August, 2026

ചിരിയിൽ നീന്തിയാൽ

        (നിർഝരി)   ഭൂതധാത്രിതൻ ഹാസപ്പൂവുകൾ, ഭാതകാലത്തിൽ പാകും ഗന്ധവും. ഭൂമിമാതതൻ പുഞ്ചിരിസ്സുമം, ഭൂഗൃഹത്തിലെ വർണ്ണഭൂഷണം.   വേഷങ്ങൾ  മാറി വന്നിടും ചിരി ഭാഷമാറിയാൽ  പരിഹാസത്തിലാം. മേഘമൊക്കവേ ഹാസമെത്തിയാൽ, മാഞ്ഞു, മാനം തെളിഞ്ഞു നിന്നിടും.   ചുണ്ടിലൂറിടും ഫലിതയുക്തികൾ തേൻകണംസമമൊഴുകി വന്നിടും, മാനസങ്ങളിൽമധുനിറച്ചിടും, ഹീനചിന്തകൾ ബാഷ്പമാക്കിടും   സ്മേരമിന്നതമൂല്യവസ്തുവായ്, നേരമില്ല മന്ദസ്മിതത്തിനും. ജീവനിൽ സ്മിതം ചേർത്തുനിർത്തിടാം. ജീവഭേഷജം ദു:ഖവേളയിൽ.   പുഞ്ചിരീബലം നിത്യമത്ഭുതം, നെഞ്ചിലേറ്റിയാൽ ഭീതി മങ്ങിടും. അർക്കരശ്മിതൻ സ്മേരദീപനം, ആർക്കുമെ വരും പീഡയിൽ തണു.   മിത്രം, മുഗ്ദ്ധമാം പ്പുഞ്ചിരിപ്പൂക്കൾ, മിത്രതാതലമുയരും ഫുല്ലമായ്. നേരമ്പോക്കിനായ് നർമ്മഭാഷണം,   നേർമ്മയിൽ വരും മന്ദഹാസങ്ങൾ.   ഹാസ്യഭാവങ്ങൾ ചിരിമുളയ്ക്കുവാൻ ഹാജരായിടും വളമതായിടും. വക്ത്രകാന്തികൾ  പൊന്തിടാനുമായ്, വേണ്ടലേപനം പൂശുക, സ്മിതം.   തുഷ്ടിയേകുമേ തൂമന്ദസ്മിതം, തോഷചുംബനം ഹൃത്തിനേകിടാം, പങ്കമോടിടും ചിരിയിൽ  നീന്തിയാൽ, പുത്ത...

ഉത്സവമേളം

  (വൃത്തം- ഉപചിത്രം) ( തതതം തതതം തതതം തതം )1,3 (തംതത തംതത തംതത തംതം )2,4   ഉത്സവമേളം! ഗഗനം മുഴുവൻ നിറയും ഘനം ഗീതിക മൂളി രസിച്ചിതു നില്പായ്. പവനന്നു വരാൻ കൊതിയേറെയായ്, പാത്തുപതുങ്ങിയവൻ വരവായീ. ഇരുവർക്കുമുടൻ ധരയെത്തണം, താഴെ വരും പനിനീർക്കുടമേന്തീ. പതിയേ വിതറീ ജലമുത്തുകൾ, കേരഗണം തലയാട്ടി ലസിപ്പൂ. പരമായ് കുസുമം പവനന്നൊടായ് പുഞ്ചിരിതുകി, അവന്റെ സുഹൃത്തായ്. പകലോൻ വരുവാൻ സമയം തദാ, പക്ഷികൾ തേടിവരുന്നു ഫലങ്ങൾ. മിഴികൾക്കു സുഖം തെളിമാനസം, മഴവിൽ നല്ലൊരുടുപ്പു ധരിപ്പൂ. പനസംമരവും ബത പൊക്കത്തിൽ, പാലകൾ സുന്ദര വേഷമതിട്ടൂ. മലയും സുതരാം തരുജാലവും, കാലികൾ മേയുവതാം നലമേടും, ചെറുതാം ലതയും പവമാനനും, കേരളനാട്ടിലെ ദൃശ്യതരംഗം.

ദിവ്യരാഗം

ദിവ്യരാഗം ഏകമാകുന്നു രണ്ടാൾ മംഗല്യത്താൽ, മൂകമായ് സ്നേഹമീണം വിളമ്പുന്നു. ഭാവം, താളം, ശ്രുതികാന്തി ശ്രേഷ്ഠമായ് ദിവ്യരാഗമായ് മാറ്റിടും ദാമ്പത്യം. വിട്ടുവീഴ്ചതൻ സൂനഹാരങ്ങളെ, വേളിതൻ വാടി കാട്ടിത്തരും നൂനം. അന്യോന്യം  പങ്കുവയ്ക്കുന്നതാം കാര്യം ധന്യമായ്ത്തീരും പാതിമെയ്സിദ്ധാന്തം. ഇന്നിൻ വക്ത്രത്തെ ദർപ്പണേ കാണിക്കൂ പൊന്നാം കല്യാണലക്ഷണം മാഞ്ഞുപോയ്. മാതാ, സോദരി, രാഹുകേതുക്കളായ് മാത്രം കാണുന്നു 'ന്യൂജെൻ' വിഭാഗക്കാർ. "വേണ്ട കുട്ടികൾ പട്ടി നല്കും മോദം ,   ഇണ്ടലേറ്റും പ്രസവം പ്രയാസമാം.   വണ്ടിയുണ്ടു പണമുണ്ടു ധാരാള-   മാനന്ദലബ്ധി കിട്ടും, " ചിന്തിപ്പവർ. 'ന്യൂജെൻ, ജെൻസി'യാം വാക്കുകൾ സാമോദം, നാട്ടിൽ കൈകോർത്തു 'ബെല്ലി നൃത്തം' ചെയ്വൂ. വേണ്ട വിവാഹമൊന്നിച്ചു ജീവിത- വാഴ്ച ചെയ്തിടാം സ്വാതന്ത്ര്യമേറെയാം. വ്യാപാരക്കട, ഹോട്ടൽ, കഫേകളും വെള്ളിവെട്ടത്തിലിഷ്ടങ്ങൾ സാധിപ്പൂ. പാത്രം, പാചകം, ഭക്ഷണം വീട്ടിലായ്, പാടേയില്ലൂണു ഭക്ഷണശ്ശാലയിൽ. വൃദ്ധരായാലങ്ങൊറ്റപ്പെടും കാലം, വ്യർത്ഥമായ് ജീവത,മെന്നു കേണിടും. സ്വന്തം സ്വാതന്ത്ര്യമ്പോലും വിട്ടുപോകും, സ്വാസ്ഥ്യമെങ്ങാൻ വിടചൊല്ലിപ്പോയെങ്കിൽ. നിങ്ങള...