ഹതോസ്മ്യഹം!



(വൃത്തം-കാകളി)


രാത്രിപാടീയന്നു സുന്ദര ഗീതങ്ങൾ,

ധർമാത്മവീരനാം കോസലരാജനായ്.

ഹസ്തേ ധരിച്ചിതു വസ്ത്രവും ചാപവും

വിസ്തൃതകാനനം പൂകി നായാട്ടിനായ്.


ഘോരവനത്തിൽ  മഹീരുഹം* പാടുന്നു 

കർണ്ണം തൊടാതുള്ള  രാഗം മനോഹരം.

മൗനമായ്  നിൽക്കുന്നു  ഭേഷായി  കാടകം,

മാനം  നിശബ്ദമായാലപിപ്പൂ  പാട്ട് .


വായുവും ഗീതിക മെല്ലെപ്പൊഴിക്കുന്നു 

ഭൂവിൽ വനം സ്വനഹീനം ഭയാനകം.

"വാരണം തൂണുപോൽ നീണ്ട തുമ്പിയിലായ്, 

കോരിയാറ്റിൻ ജലം,” ഭൂപതിയ്ക്കോ തോന്നി.


വേട്ടയ്ക്കുകാത്തൊരു കേസരി അമ്പെയ്തു,

കഷ്ടം! " ഹതോസ്മ്യഹം!* ഹാ!"ഉയർന്നൂ രവം.

കുംഭിയല്ലാ കൊച്ചു താപസൻ ബാലകൻ  

കുംഭം നിറച്ചുതൻ മാതാപിതാക്കൾക്ക്.


പൊന്നായ പുത്രനാം   ബാലകൻ  ശ്രാവണൻ  

അന്ധരാം മാതാപിതാക്കളേ പാലിച്ചു.

സ്നേഹത്തിലാദരം  ചാലിച്ചു  ചേർത്തങ്ങു 

നന്നായി   നോക്കി സാധുക്കളേ സർവ്വദാ.


കേട്ടവർ  താപസ ബാലൻറെ  വൃത്താന്തം,

കേസരി വൃദ്ധർക്കു  വാരികൊണ്ടെത്തിച്ചു.

താതനും  ഭേദിച്ചു ശബ്ദത്തിൻ ശൂന്യത

പാതിമെയ്യും  വ്യഥ വാക്കാൽ പറഞ്ഞഹോ.


സങ്കടം തീരാതെ വൃദ്ധനാം താതനും

ശങ്കാവിനാ ശാപസായകമേ റ്റിച്ചു.

"പുത്രദുഃഖംപേറി ഞങ്ങൾ മൃതമാകും,

ആത്മജാതാപം വരട്ടെ നിന്നന്ത്യത്തിൽ.”


ചിന്തനം ചെയ്യാതെ  രാജൻ ചെയ്ത തെറ്റ്

സന്താപകാര്യമായ്, മൃത്യുവിൻ ഹേതുവായ്.

രണ്ടുവട്ടം ചിന്ത ചെയ്ക,യനിവാര്യം,

ഇണ്ടലില്ലാതാകുവാൻ   ദൗത്യമൊക്കെയും. 


മഹീരുഹം*= വൃക്ഷം 

ഹതോസ്മ്യഹം*= ഞാൻ കൊല്ലപ്പെട്ടു



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!