ഓടിവരുന്നുണ്ട് വർഷനാരി!
( വൃത്തം-മഞ്ജരി)
മാരിവരുന്നില്ല, നാടുവിട്ടോടിയോ?
തീരുന്നില്ലാ വേവ്,നോവേറുന്നു.
വേഴാമ്പൽപോലായി ശ്വാക്കളും ഗോക്കളും
കേഴുന്നു നീരിന്റെ തേൻതുള്ളിക്കായ്.
ആരേഭയന്നിട്ടോ, ആരോടോകോപിച്ചോ
ക്രൂരതഹൃത്തിനെ മൂടിയിട്ടോ?
പാരിനേ വേണ്ടന്നോ? ഊരിലില്ലേ മാരി?
ആര്യമാവുമായി തെറ്റിപ്പോയോ?
വേറേ ലോകത്തെങ്ങാൻ യാത്രപോയതാകാം,
കാർമുകിൽ കൂട്ടത്തിൽ പോയിക്കാണും.
പ്രേമത്തിലല്ലയോ രണ്ടാളുമെന്നാളും
ആമോദം പൂണ്ടു കർമ്മം മറന്നോ?
ഭൂമാതാതന്നുടെ വാരിതൻ ഭണ്ടാരം
സാമോദമായീ നിറച്ചിരുന്നൂ.
ആദിത്യൻ ദാഹംപൊറാഞ്ഞങ്ങോടീവന്നു
സ്വാദോടു വെള്ളം കുടിച്ചുതീർത്തു.
കാറ്റാം കുറുമ്പനും പാറിപ്പറന്നെത്തി
കാറിനേം മാരിയേം ദൂരത്താക്കീ.
ആകാശം നോക്കിപ്പോൾ, ആഹാ മനോഹരം,
ചക്രധനുസ്സിന്നു വർണ്ണച്ചേല!
മാരിവരുന്നല്ലോ മേളത്തിൽ താളത്തിൽ,
കോരിച്ചൊരിയുന്നു രൂപംമാറ്റി.
പാട്ടുംപാടിച്ചാടി നൃത്തം ചവുട്ടിയും
ഓടിവരുന്നുണ്ട് വർഷനാരി.
അശ്വാരൂഢനായി കാണാമറയത്തായ്
വിശ്വംചമച്ചവൻ സഞ്ചരിപ്പൂ.
വിശ്വാസ വഞ്ചന കാട്ടുകില്ലാ പ്രഭു
വശ്യമായ് വച്ചിട്ടുണ്ടെല്ലാമെല്ലാം.
Comments
Post a Comment