പുകളാൽ പുളകിതം!

 


ഭാരതമെന്നമാതാ 

           പുകളാൽപുളകിതം,

ഭക്തിതന്നുറവിടം 

           ഭക്തരും കുറവല്ല.

ഭാസ്വാന്റെ കൃപയാലും 

           നീരദപെയ്ത്തിനാലും

ഭൂമാതാ കനിയുന്നു 

           ഭോജ്യം വിളയിച്ചീടാൻ.


ആശ്വാസദായകമാം 

    അമൃതഫലം കാണാം, 

പാർശ്വഫലങ്ങൾവിനാ

    ഭക്ഷിക്കാമിഷ്ടത്തോടെ.

സ്വന്തം മക്കൾതന്നുടെ

     ജീവിതസുഖത്തിനായ്

സ്വന്തം ഗാത്രം നോവിച്ചും

     സ്വാന്ത്ര്യമേകീടുന്നു.

      

ഭാരതാംബ ചിരമായ്

         പ്രകൃതിദേവിയുമായ്

ഭദ്രമായ് സൗഹൃദത്തിൽ 

     നിലകൊള്ളുന്നു സദാ.

*സിതഭാനു ചിരമായ്

       മാനത്തിൻ മഞ്ചിലേറി 

*സിതപ്രഭവർണ്ണത്തിൽ 

         ചിരിചൊരിഞ്ഞീടുന്നു.


 

താരാഗണങ്ങളോടു-

      മേറ്റം പ്രിയതാപൂർവ്വം

പാരിൻ നടുമുറ്റത്തായ്

     നിന്നെത്തിനോക്കീടുന്നു.

 ഭാനുമാന്റെ വരവും

        ഹൃദ്യമായ് വരവേൽക്കും,

 ഭാരമുള്ള ജോലികൾ 

          മാറ്റിയും സൽക്കരിക്കും.

 

നരഭോജികൾ മർത്യർ

     നാനാതരത്തിലായി

ന്യായവൃത്തമ്മറന്നും

           മൺമനം ഛേദിക്കുന്നു.

നാണം ലേശമില്ലാതെ

    കേശം വെട്ടിമാറ്റുന്നു,

പാണി, മറ്റുഭാഗവും

     മുറിച്ചു കൊണ്ടുപോകും.


കായം കരഞ്ഞീടുന്നു

    പീഡനംസഹിയാതെ.

തായതൻ കണ്ണീർകാണാൻ

      തനൂജർക്കില്ലാ നേരം.

അമിത സ്വതന്ത്രത 

             ആപത്തിന്നടയാളം,

ക്ഷമത കാട്ടി മെല്ലെ 

            സ്വൈര്യത ഉയർത്തേണം.

ജീവനപ്പൊയ്കയിലെ      

         വീരണിതന്നിൽപ്പെട്ടാൽ 

ആവില്ല കരയേറാൻ 

          തുഴഞ്ഞു തളരുന്നു.



 സത്യനന്തുണിമീട്ടും 

                മധുരസ്വനങ്ങളും

ഉത്തുംഗം മുഴങ്ങുകിൽ 

                 തോഷനാമ്പുദർശിക്കാം.  

സുന്ദര തരംഗങ്ങൾ 

                  അനേകം ഹൃദന്തത്തെ 

ഇന്ദ്രധനുസ്സിൻസമം 

            വർണ്ണാഭമാക്കി മാറ്റും.


      വീരണി-നിലയില്ലാത്തിടം

Comments