അമ്മയും മകനും!
(അന്നനട)
വസന്തയന്നങ്ങു പുഴക്കരെയെത്തി
രസിക്കും പുത്രനെ മഴമുന്നെക്കൂട്ടാൻ.
പലപ്പൊഴായ് കാന്തൻ തൊഴിലിനെന്നപോൽ
പുലിയൂരിൽപ്പോയീ, മടങ്ങിവന്നില്ലാ.
പരാജയപ്പെടാൻ മനംമടിച്ചപ്പോൾ,
തിരഞ്ഞെടുത്തവൾ തുണിതുന്നുംപണി.
ശിഥിലമാം സ്വപ്നം സ്വരുക്കൂട്ടീടുവാൻ
മഥിച്ചുമാരോഗ്യം മനഞ്ഞു വസ്ത്രങ്ങൾ.
ചെറുപ്രായത്തിലും മുതിർന്നവൻ കുട്ടൻ,
പ്രസുവിനർപ്പിച്ചു മമതയാംസുമം.
അതിഥിയായ് ജ്വരം പുണർന്നു കുട്ടനേ,
അതിതാപം മൂലം വലഞ്ഞു രണ്ടാളും.
കുടം കണക്കിനു ജലംതൂകി രാവും,
കുടുകുടാച്ചാടി പെരുമാരീവാരി.
കടൽ ,വെള്ളം, മണ്ണും ഗൃഹവും ജീവിതോം
കുടിലതന്ത്രത്താൽ മഴ വിഴുങ്ങിപ്പോയ്.
ചരങ്ങളനേകമചരമായ് മാറി,
ചെറുത്തുനിൽക്കുവാൻ വഴിയൊട്ടുമില്ല.
നിറഞ്ഞുമാനവർ അഭയത്തമ്പിലായ്
കുറവിനേ വാരിപ്പുണർന്നു വസിച്ചൂ .
നിരന്തരമൂറീ മധുസമം സ്നേഹം,
കുറഞ്ഞില്ലാ തെല്ലും സഹായം തമ്മിലായ്.
വയസ്സിൻ വ്യത്യാസം മതജാതിചിന്ത
അയഞ്ഞു, അഴിഞ്ഞൂ, ഒളിതൂകീ ചേർച്ച.
ലളിതയ്ക്കായില്ലായണയുവാൻ തമ്പിൽ
നിരത്തങ്ങുമുങ്ങി ശകടം പോവില്ലാ.
കടുത്തതാപത്താൽ വലഞ്ഞെന്നാൽ കുട്ടൻ,
കഠിനമാം നോവായ് ശിരസ്സിനുള്ളിലായ്.
“ത്വരിതമ്മാതാവേ! ചലിക്കൂ ദൂരേക്കായ്,
ജ്വരം തളർത്തുന്നൂ, എനിക്കുപറ്റില്ലാ.”
“ജനയിത്രിയാം ഞാൻ തനൂജാ! പോകില്ലാ
നിനക്കുമേലെയായെനിക്കൊന്നുമില്ലാ."
കുറച്ചു തൻരോഷം പ്രവാഹമൽപ്പാൽപ്പം,
കുറഞ്ഞുവാരിയും ദിനം ചിരിച്ചെത്തീ.
അകത്തുകിടന്നു പുണർന്നുതമ്മിലായ്,
മകനുമമ്മയും ജഡങ്ങളായ് കഷ്ടം!
യമരാജാവിനേ തടുക്കുവാനാമോ?
നമുക്കുള്ളപ്രിയർ ശ്രമിച്ചിതെങ്കിലും.
വിരാമത്തിൻ നേരം വരുംവരെയല്ലേ,
വിരാജിക്കുംബന്ധം തണലാകുന്നതും?
Comments
Post a Comment